കവരത്തി ജില്ലാ ജഡ്ജിയെ പാലായിലേക്കു മാറ്റി
Wednesday, March 29, 2023 12:42 AM IST
കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ. അനില്‍കുമാറിനെ പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി ഹൈക്കോടതി സ്ഥലം മാറ്റി. ഭരണപരമായ അടിയന്തരസാഹചര്യം കണക്കിലെടുത്ത് അനില്‍കുമാറിനെ മാറ്റുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.
കവരത്തിയില്‍നിന്ന് അനില്‍കുമാറിനെ തിരിച്ചുപോരാന്‍ അനുവദിക്കണമെന്നു വ്യക്തമാക്കി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഇന്‍ ചാര്‍ജ് ജി. ഗോപകുമാര്‍ ഇന്നലെ കത്ത് നല്കി. പകരം കവരത്തിയിലേക്കു നിയോഗിക്കുന്ന ജില്ലാ ജഡ്ജിയുടെ പേര് ഉടന്‍ അറിയിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ കവരത്തി ജില്ലാ ജഡ്ജി അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ലക്ഷദ്വീപ് സ്വദേശിനിയായ യുവ അഭിഭാഷക പരാതി നല്‍കിയിരുന്നു. എന്നാൽ യുവതിയുടെ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് ലക്ഷദ്വീപ് ബാര്‍ അസോസിയേഷന് പ്രതിഷേധിച്ചുവെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി.