ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി; രേഖകള് ഹാജരാക്കാന് ഹൈക്കോടതി നിർദേശം
Thursday, March 30, 2023 12:53 AM IST
കൊച്ചി: ലൈഫ് മിഷന് കോഴയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണക്കേസില് ഇഡി അറസ്റ്റ് ചെയ്ത എം. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകള് ഹാജരാക്കാന് ഹൈക്കോടതി വിചാരണക്കോടതിക്കു നിര്ദേശം നല്കി.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയല് നിയമപ്രകാരമുള്ള കേസുകള് പരിഗണിക്കാന് ചുമതലപ്പെട്ട എറണാകുളം അഡീ. സെഷന്സ് കോടതിക്കാണു ജസ്റ്റീസ് എ. ബദറുദ്ദീന് നിര്ദേശം നല്കിയത്.
ഹര്ജി പരിഗണിക്കവെ തന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നു മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറികൂടിയായ ശിവശങ്കര് കോടതിയില് വ്യക്തമാക്കി. എന്നാല് ഈ വാദം തെറ്റാണെന്ന് ഇഡി മറുവാദം ഉന്നയിച്ചു. തുടര്ന്നാണ് ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച രേഖകള് ഹാജരാക്കാന് ഹൈക്കോടതി നിര്ദേശിച്ചത്.