ഇലക്ട്രിക് ബൈക്ക് നിർമിച്ച് ചെന്പേരി വിമൽജ്യോതി വിദ്യാർഥികൾ
Thursday, March 30, 2023 12:53 AM IST
ചെന്പേരി: ഇംപീരിയൽ സൊസൈറ്റി ഓഫ് ഇന്നവേറ്റീവ് എൻജിനിയേർസ് ഇന്ത്യ (ഐഎസ്ഐഇ-ഇന്ത്യ)യും ഹീറോ ഇലക്ട്രിക്കും ചേർന്ന് സംയുക്തമായി നടത്തുന്ന ഗവേഷണ മത്സരത്തിൽ പങ്കെടുക്കുന്നതിനായി വിമൽജ്യോതി എൻജിനീയറിംഗ് കോളജ് മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾ ഇലക്ട്രിക് ബൈക്ക് നിർമിച്ചു.
മെക്കാനിക്കൽ വിഭാഗം അധ്യാപകരായ നിയാസ്, റോബിൻ എന്നിവർ വിദ്യാർഥികൾക്കു മാർഗനിർദേശങ്ങൾ നൽകി. അവസാന വർഷ വിദ്യാർഥികളായ ടീം ക്യാപ്റ്റൻ ജോയൽ മാത്യു, വൈസ് ക്യാപ്റ്റൻ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിൽ അബിൻ, അഭിനവ് അഫ്ലാഹ്, അജിത്, അജിനാസ്, അജുൽ, അലൻ, ആൽബിൻ, അംലാക്, ആൻഡ്രിൻ, ബെനഡിക്ട്, അശ്വിൻ, ജോമി, മിലൻ, സഞ്ജൽ, വിജയ്, വിഷ്ണു, വിനായക് എന്നിവരുടെ കഠിനാധ്വാനമാണ് ഇലക്ട്രിക് ബൈക്ക് യാഥാർഥ്യമാക്കിയത്.
ഈ ബൈക്കിന്റെ നിർമിതിക്ക് ഏകദേശം ഒന്നര ലക്ഷം രൂപയാണ് നിർമാണച്ചെലവ്. വ്യവസായികാടിസ്ഥാനത്തിൽ നിർമിക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപയിൽ താഴെ ചെലവിൽ ഇത് നിർമിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മാനേജർ ഫാ. ജെയിംസ് ചെല്ലങ്കോട്ട് , ഫിനാൻസ് മാനേജർ ഫാ. ലാസർ വരമ്പകത്ത്, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ്, വകുപ്പ് മേധാവി പ്രഫ. രാജു കുര്യാക്കോസ് എന്നിവരുടെയെല്ലാം പ്രോത്സാഹനവും സഹകരണവുമാണു വിദ്യാർഥികളെ വിജയത്തിലെത്തിച്ചത്.
ഏപ്രിൽ 14 മുതൽ ഉത്തർപ്രദേശിലെ നോയിഡയിൽ നടക്കുന്ന അഖിലേന്ത്യാ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണു വിദ്യാർഥികൾ.