സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു
Thursday, March 30, 2023 12:53 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2022-23 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണു കമ്മീഷൻ അവാർഡ് നൽകുന്നത്.
കലാ-സാംസ്കാരിക മേഖലയിൽ ചലച്ചിത്രനടൻ ആസിഫ് അലി അവാർഡിന് അർഹനായി. ഒളിമ്പ്യൻ പി.ആർ. ശ്രീജേഷാണ് കായികരംഗത്തുനിന്ന് അവാർഡിനർഹനായത്. യുവ എഴുത്തുകാരി എം.കെ. ഷബിതയ്ക്കാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം. കാർഷികരംഗത്ത് നൂതനമായ പരീക്ഷണങ്ങളിലൂടെ കാർഷിക സംസ്കാരത്തിന് യൗവനത്തിന്റെ ചടുലമായ മുഖം നൽകി വിജയിപ്പിച്ച എസ്.പി.സുജിത്താണ് കാർഷികരംഗത്തുനിന്ന് അവാർഡിന് അർഹനായത്.സഞ്ചി ബാഗ്സ് സിഇഒ ആതിര ഫിറോസ് വ്യവസായം/സംരഭകത്വം മേഖലയിൽ നിന്നും അവാർഡിനർഹയായി.
ഗാന്ധിഭവൻ സാരഥി അമൽ രാജ് സാമൂഹിക സേവനമേഖലയിൽ നിന്നും യൂത്ത് ഐക്കണായി തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം മഹാരാജാസ് കോളജിൽ നടന്ന ചടങ്ങിൽ പ്രഫ. എം.കെ. സാനു മാസ്റ്ററാണ് യൂത്ത് ഐക്കൺ അവാർഡ് ഫലപ്രഖ്യാപനം നടത്തിയത്.