ജ്യൂസ് ബോട്ടിലിലും വായ്ക്കുള്ളിലും ഒളിപ്പിച്ചു കടത്തിയ സ്വർണം പിടികൂടി
Thursday, March 30, 2023 12:54 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച 48 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. യാത്രക്കാരന്റെ വായ്ക്കുള്ളിലും ജ്യൂസ് ബോട്ടലിലുമായി ഒളിപ്പിച്ചു കൊണ്ടുവന്നതടക്കം 950 ഗ്രാം സ്വർണമാണു പിടികൂടിയത്.
ഈ രീതിയിലുള്ള സ്വർണക്കടത്ത് ആദ്യമായിട്ടാണ് കസ്റ്റംസ് കണ്ടെത്തുന്നത്. ഒരു സ്ത്രീ ഉൾപ്പടെ മൂന്നു യാത്രക്കാരിൽനിന്നാണ് സ്വർണം പിടികൂടിയത്. ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശികളായ അബ്ദുള്ള, അബൂബക്കർ എന്നിവരിൽനിന്നാണ് 250 ഗ്രാം സ്വർണം പിടികൂടിയത്. ഇരുവരും ജ്യൂസ് ബോട്ടിലിലും വായ്ക്കുള്ളിലും ഒളിപ്പിച്ചാണ് സ്വർണം കടത്തുവാൻ ശ്രമിച്ചത്.
കുവൈറ്റിൽനിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ കൊല്ലം സ്വദേശിനി സുറുമിയിൽനിന്നാണ് 700 ഗ്രാം സ്വർണം പിടികൂടിയത്. ചെയിനുകളായും അരഞ്ഞാണങ്ങളുമായിട്ടാണ് സ്വർണം കൊണ്ടുവന്നത്. ഇതു വസ്ത്രത്തിനുള്ളിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. യാത്രക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥൻമാർ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.