ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം: അഞ്ചുവയസുകാരൻ വെട്ടേറ്റു മരിച്ചു,
അമ്മയ്ക്കും മറ്റൊരാൾക്കും വെട്ടേറ്റു
Friday, March 31, 2023 1:23 AM IST
മുപ്ലിയം(തൃശൂർ): ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ സംഘർഷത്തിനിടെ അഞ്ചുവയസുകാരൻ വെട്ടേറ്റു മരിച്ചു. അമ്മയ്ക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. ആസാം സ്വദേശികളാണ് എല്ലാവരും.
ഹൊജായ് സ്വദേശി അക്ബർ അലിയുടെ മകൻ നജിറുൾ ഇസ്ലാം (അഞ്ച്) ആണു മരിച്ചത്. അമ്മ നജിമ ഖാത്തൂണ് (23), ഷിറാജുൾ ഇസ്ലാം എന്നിവർക്കും പരിക്കേറ്റു. തലയ്ക്കു വെട്ടേറ്റ നജിമ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇവരുടെ ബന്ധു ജമാൽ ഹുസൈനെ (19) പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും മറ്റു തൊഴിലാളികളും ചേർന്നു പിടികൂടി വരന്തരപ്പിള്ളി പോലീസിനു കൈമാറുകയായിരുന്നു.
മുപ്ലിയം ഗ്രൗണ്ടിനു സമീപത്തെ ഐശ്വര്യ സിമന്റ് പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിൽ ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. സ്ഥാപനത്തിനോടു ചേർന്നുള്ള വീടിന്റെ അടുക്കളയിൽവച്ച് പ്രതി കുട്ടിയെയും മാതാവിനെയും വെട്ടുകയായിരുന്നു.
ഈ സമയം കന്പനിയിൽ ജോലി ചെയ്യുകയായിരുന്ന അക്ബർ അലിയും മറ്റു തൊഴിലാളികളും ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണു സംഭവമറിയുന്നത്. ഇവർ കുട്ടിയെയും അമ്മയേയും പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. തുടർന്ന് നജിമയെ മെഡിക്കൽ കോളജിലേക്കു മാറ്റി.
അക്ബർ അലിയും കുടുംബവും ഒരാഴ്ച മുന്പാണ് ഇവിടെ ജോലിക്കെത്തിയത്. അക്രമം നടത്തിയയാൾ ഉൾപ്പെടെ മൂന്നുപേർകൂടി ബുധനാഴ്ച വൈകുന്നേരമാണ് തൊഴിലാളികളുടെ താമസസ്ഥലത്തെത്തിയത്. എന്നാൽ, ഇക്കാര്യം കന്പനിയുടമ അറിഞ്ഞിട്ടില്ല.
അക്രമിയെ പിടിച്ചു മാറ്റുന്നതിനിടെയാണു ഷിറാജുൾ ഇസ്ലാമിനു തലയ്ക്കു വെട്ടേറ്റത്. നേര്യമംഗലത്ത് കടയിൽ ജോലി ചെയ്തിരുന്ന പ്രതി ജമാൽ ഹുസൈൻ ബുധനാഴ്ചയാണ് ഇവരുടെ അടുത്തെത്തിയത്.
ഞായറാഴ്ച നാട്ടിലേക്കു പോകാൻ ഇവർ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിനു കാരണമായി പ്രതി മൊഴി നൽകിയതെന്നു വരന്തരപ്പിള്ളി സിഐ എസ്. ജയകൃഷ്ണൻ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി..