മനുഷ്യജീവന് പ്രഥമസ്ഥാനം നല്‍കണം: കെസിബിസി പ്രോ-ലൈഫ് സമിതി
Tuesday, May 23, 2023 12:17 AM IST
കൊച്ചി: നിയമനിർമാണം നടത്തുമ്പോഴും അതു നടപ്പാക്കുമ്പോഴും മനുഷ്യജീവന് മൃഗങ്ങളേക്കാള്‍ സ്ഥാനം നല്‍കണമെന്നു കെസിബിസി പ്രോ-ലൈഫ് സമിതി നേതൃസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വനാതിര്‍ത്തിമേഖലയില്‍ വന്യമൃഗ ആക്രമണങ്ങള്‍ മൂലം മരണം ആവർത്തിക്കുന്നതിനാൽ കുടുംബങ്ങള്‍ ഭീതിയിലാണ്. വന്യമൃഗ ആക്രമണത്തില്‍നിന്നു ജനത്തെ രക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടവരും ജാഗ്രതയോടെ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഡയറക്ടര്‍ ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയോരമേഖലകളില്‍ സന്നദ്ധസേനകൾ രൂപീകരിക്കണമെന്നും പരിശീലനം ലഭിച്ചവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍ അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍മാരായ സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, സെക്രട്ടറിമാരായ നോർബര്‍ട്ട് കക്കാരിയില്‍, ഇഗ്നേഷ്യസ് വിക്ടര്‍, സെമിലി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
ജീവന്റെ സംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേക്ക് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’നടത്താൻ യോഗം തീരുമാനിച്ചു.
മനുഷ്യജീവന്റെ സംരക്ഷണം ലക്ഷ്യമാക്കി കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ നടത്തിയ പ്രസ്താവനയെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ വനംമന്ത്രി വ്യാഖ്യാനിച്ചതില്‍ യോഗം പ്രതിഷേധിച്ചു.