ഗേറ്റ് പൂട്ടിയതു താനല്ല, വാടക കുടിശിക കിട്ടിയത് അറിയിച്ചില്ല: ശ്രീനിജന്
Tuesday, May 23, 2023 12:17 AM IST
കൊച്ചി: കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 17 സെലക്ഷന് ട്രയല്‍സ് തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി പി.വി. ശ്രീനിജന് എംഎല്‍എ. കേരള ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടെന്നും വാടക കുടിശിക കിട്ടിയെന്നുമുള്ള വിവരം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തന്നെ അറിയിച്ചില്ല.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റെന്ന നിലയില്‍ ഇക്കാര്യം തന്നെ അറിയിക്കേണ്ടതായിരുന്നു. സെലക്ഷന് ട്രയല്‍സ് നടക്കേണ്ട സ്കൂളിന്റെ ഗേറ്റ് അടച്ചതു താനല്ല. ഇന്ന് തുറന്നുകൊടുക്കേണ്ടെന്ന് പറഞ്ഞിരുന്നു. സെലക്ഷനു വന്ന താരങ്ങള്‍ ദുരിതത്തിലായെന്ന മാധ്യമ വാര്‍ത്ത കണ്ടതിനു പിന്നാലെ ഗേറ്റ് തുറക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അധികാരപരിധിയില്‍ വരുന്നതാണ്. ഇതിന്റെ സംരക്ഷണവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റേതാണ്. കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ രണ്ടു വര്‍ഷമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുമായി കരാറുണ്ടായിരുന്നു.
നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു കരാറിലേര്‍പ്പെട്ടത്. ഒന്നര വര്‍ഷം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനാണു പണം നല്‍കിയിരുന്നത്. കഴിഞ്ഞ എട്ടു മാസമായി പണം നല്‍കുന്നില്ലെന്നും ശ്രീനിജന് വ്യക്തമാക്കി.