കുസാറ്റ് രാജ്യാന്തര ചെസ് മത്സരം ഇന്നാരംഭിക്കും
Saturday, May 27, 2023 1:04 AM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ കായിക വിദ്യാഭ്യാസ വകുപ്പും കുസാറ്റ് ചെസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന 32-ാമത് കുസാറ്റ് രാജ്യാന്തര ചെസ് മത്സരം ഇന്നാരംഭിക്കും.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫിഡെ റേറ്റഡ് ടൂര്‍ണമെന്റാണ് കുസാറ്റ് ചെസ്. മൂന്നുലക്ഷം രൂപ മൊത്തം സമ്മാനത്തുകയുള്ള ഈ മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 480 മത്സരാര്‍ഥികള്‍ പങ്കെടുക്കും.
മത്സരത്തിലെ ചാമ്പ്യന്‍ 30,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ജനറല്‍ കാറ്റഗറിയില്‍ 30,000രൂപ, 25,000രൂപ, 20,000രൂപ തുടങ്ങി 30 കാഷ് അവാര്‍ഡുകളും അണ്ടര്‍ 10, അണ്ടര്‍ 15, 1500 റേറ്റിംഗിന് താഴെ, 1800 റേറ്റിംഗിന് താഴെ, അണ് റേറ്റഡ് എന്നീ വിഭാഗത്തില്‍ എട്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 5 വീതം പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും.
കൂടാതെ മികച്ച വെറ്ററന്‍, മികച്ച സീനിയര്‍ സിറ്റിസണ്‍, മികച്ച വനിത എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കും.
നാലുദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റ് ഇന്നു രാവിലെ 10ന് കുസാറ്റ് സെമിനാര്‍ കോംപ്ലക്സില്‍ വച്ച് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന് ഉദ്ഘാടനം ചെയ്യും.