സിൽവർ ലൈനിന് എതിരേ ശാസ്ത്ര- സാഹിത്യ പരിഷത്ത്
Monday, May 29, 2023 1:25 AM IST
തൃശൂർ: കെ-റെയിൽ പ്രളയത്തിനു കാരണമാകുമെന്നും പുനർവിചിന്തനം വേണമെന്നും കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത്. പദ്ധതിയുടെ സാമൂഹിക, സാന്പത്തിക, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പരിഷത്ത് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ശാസ്ത്ര-സാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
കേരളത്തിന്റെ ഭൗമഘടന, പ്രളയതടങ്ങൾ, നീരൊഴുക്ക് തുടങ്ങിയ സ്വാഭാവിക വ്യവസ്ഥകളെ സാരമായി ബാധിക്കുമെന്നാണു കണ്ടെത്തൽ. മനുഷ്യരുടെ ആവാസസ്ഥലങ്ങളടങ്ങിയ നിർമിത പ്രകൃതിയെയും സാമൂഹിക,സാമ്പത്തിക വ്യവസ്ഥകളെയും പദ്ധതി അപകടത്തിലാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പാത കടന്നുപോകുന്ന 30 മീറ്റർ പ്രദേശത്തെയും ഇരുവശവും വരുന്ന 85 മീറ്റർ വീതമുള്ള പ്രത്യേകമായെടുത്താണ് പഠനം നടത്തിയത്. വീടുകൾ, ജലസ്രോതസുകൾ, ജൈവവൈവിധ്യം തുടങ്ങിയവ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ പ്രത്യേക സോഫ്റ്റ്വേറിൽ ക്രോഡീകരിച്ചു. പരിഷത്ത് പ്രവർത്തകർ നേരിട്ടു ഫീൽഡ് സർവേ നടത്തി.
സിൽവർലൈൻ പദ്ധതി കേരളത്തിന്റെ പരിസ്ഥിതിക്കും സാന്പത്തികാവസ്ഥയ്ക്കും ചേരുന്ന പദ്ധതിയല്ലെന്ന നിലപാടിലാണ് ശാസ്ത്രസാഹിത്യ പരിഷത്ത്. സർക്കാർ ഈ പദ്ധതിയിൽനിന്ന് പിൻവാങ്ങണമെന്നുള്ള പരസ്യപ്രസ്താവനയും പരിഷത്ത് നടത്തിയിരുന്നു.