മതപഠനശാലയിലെ പെണ്‍കുട്ടിയുടെ മരണം:ആണ്‍സുഹൃത്ത് അറസ്റ്റിൽ
Thursday, June 1, 2023 12:47 AM IST
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിലെ പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച സം ഭവത്തിൽ ആണ്‍സുഹൃത്ത് അറസ്റ്റിൽ. ബീമാപള്ളി സ്വദേശിയായ ഹാഷിംഖാൻ (20) നെയാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്.
മതപാഠശാലയിൽ പെണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം നെയ്യാറ്റിൻകര എഎസ്പിയുടെ നേതൃത്വത്തിൽ നടക്കുകയാണ്. പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ പ്രദേശവാസിയാണ് യുവാവ്. ബാലരാമപുരം എസ്എച്ച്ഒ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പെണ്‍കുട്ടി ബീമാപള്ളി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഈ എഫ്ഐആർ പൂന്തുറ പോലീസിന് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് യുവാവാണോയെന്ന് പൂന്തുറ പോലീസും ബാലരാമപുരം പോലീസും അന്വേഷിക്കുകയാണ്.