ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി വിശുദ്ധിയുടെ ജീവിത മാതൃക: മാര്‍ ജോസഫ് പെരുന്തോട്ടം
Saturday, June 3, 2023 1:52 AM IST
ചങ്ങനാശേരി: ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ വിശുദ്ധി നിറഞ്ഞ ജീവിതസാക്ഷ്യം സമൂഹത്തിന് വിശ്വാസമൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
ആരാധന സന്യാസിനിസമൂഹ സ്ഥാപകനും ചങ്ങനാശേരി രൂപതയുടെ പ്രഥമ മെത്രാനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 98ാമത് ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് സെന്റ്മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന അനുസ്മരണകര്മ്മങ്ങള്ക്ക് മുഖ്യ കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്. വികാരി ജനറാള്‍ മോണ്‍.വർഗീസ് താനമാവുങ്കല്‍, കത്തീഡ്രല്‍ വികാരി റവ.ഡോ.ജോസ് കൊച്ചുപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
അതിരൂപതാ സഹായ മെത്രാന് മാര്‍ തോമസ് തറയില്‍ രാവിലെ 6.30നും പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പത്തിനും വിശുദ്ധകുര്‍ബാന അര്‍പ്പിച്ചു. ശ്രാദ്ധസദ്യക്കുള്ള ഭക്ഷണ വെഞ്ചരിപ്പും മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ നിര്‍വഹിച്ചു.
ആരാധന സന്യാസിനീ സമൂഹത്തിന്റെ വികാര്‍ ജനറാള്‍ ഡോ.സിസ്റ്റര്‍ മേഴ്സി നെടുമ്പുറം, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപ്പറമ്പില്‍, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ അനറ്റ് ചാലങ്ങാടി, സിസ്റ്റര്‍ ലിസി ജോസ് വടക്കേചിറയത്ത്, ചങ്ങനാശേരി പ്രോവിന്‍ഷ്യാള്‍ സിസ്റ്റര്‍ ലില്ലി റോസ്, തൃശൂര്‍ പ്രോവിന്‍ഷ്യാള്‍ ഡോ.സിസ്റ്റര്‍ സോഫി പെരേപ്പാടന്, മദര്‍ മാര്‍ഗരറ്റ് കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.