അന്തിക്കാട്ട് ഭീതി പരത്തിയ ദുരന്തവാർത്ത ട്രെയിന്‍ അപകട വാര്‍ത്ത അന്തിക്കാട്ടേക്ക് കരാറുകാരനായ രതീഷിനെ ആദ്യം വിളിച്ചുപറഞ്ഞത് വൈശാഖായിരുന്നു. കൂടെയുള്ള മൂന്നുപേരെയും കാണാനില്ലെന്നും തനിക്കുചുറ്റും മൃതദേഹങ്ങള്‍ കൂടിക്കിടക്കുകയാണെന്നും പറഞ്ഞ് പരിഭ്രമത്തോടെയും വേദനയോടെയുമാണു വൈശാഖ് നാട്ടിലേക്കു വിവരം നല്‍കിയത്. അപ്പോഴേക്കും ഒഡീഷ ട്രെയിന്‍ അപകടവാര്‍ത്തകളും നിരവധി പേര് മരിച്ചെന്ന ഫ്ളാഷ് ന്യൂസും ടിവിയില്‍ വന്നതോടെ നാട്ടിലാകെ ഭീതി പരന്നു.
വൈശാഖിനെ തിരിച്ചു ബന്ധപ്പെട്ടപ്പോഴും മറ്റു മൂന്നുപേരെക്കുറിച്ച് വിവരമില്ലെന്നായിരുന്നു മറുപടി. എന്തു ചെയ്യണമെന്നും ആരെ ബന്ധപ്പെട്ടാല്‍ വിവരമറിയുമെന്നുമറിയാതെ വിഷമിച്ചിരിക്കുന്നതിനിടെ മറ്റു മൂന്നുപേരും രതീഷിനെ നാട്ടിലേക്കു വിളിച്ചു.
തങ്ങള്‍ക്കു കുഴപ്പങ്ങളില്ലെന്നും കാര്യമായ പരിക്കില്ലെന്നും എന്നാല്‍ വൈശാഖിനെ കാണാനില്ലെന്നും മൂവര്‍സംഘം പറഞ്ഞു. വൈശാഖിനും കുഴപ്പമില്ലെന്നു നാട്ടിലുള്ളവര്‍ പറഞ്ഞതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകളും ഭീതികളുമൊഴിഞ്ഞു.
നാട്ടിലേക്ക് ഇവരെ എത്രയും പെട്ടെന്ന് എത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മലയാളി സമാജം പ്രവര്‍ത്തകര്‍ നാട്ടിലെ ബന്ധുക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കും.