കോളജിന്റെ പേരില്‍ വ്യാജരേഖ: പൂർവവിദ്യാർഥിനിക്കെതിരേ കേസ്
Wednesday, June 7, 2023 12:49 AM IST
കൊച്ചി: താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജരേഖ ചമച്ച കേസിൽ യുവതിക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. എറണാകുളം മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനി കാസര്‍ഗോഡ് സ്വദേശിനി കെ. വിദ്യക്കെതിരേയാണു കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്.
2018 മുതല്‍ 2021 വരെ മഹാരാജാസ് കോളജില്‍ മലയാളം വിഭാഗത്തില്‍ താത്കാലിക ഗസ്റ്റ് ലക്ചററായിരുന്നുവെന്ന വ്യാജ പ്രവൃത്തിപരിചയ രേഖയാണു പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി വിദ്യ ഉണ്ടാക്കിയത്. അട്ടപ്പാടി ഗവ. കോളജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഈ രേഖ ഹാജരാക്കുകയും ചെയ്തു. സംശയം തോന്നിയ അവിടത്തെ അധ്യാപകര്‍ മഹാരാജാസ് കോളജില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ടെയും കാസര്‍ഗോട്ടെയും സര്‍ക്കാര്‍ കോളജുകളിലും മുന്‍പ് ഗസ്റ്റ് ലക്ചററായി ഇവര്‍ ജോലി ചെയ്തിരുന്നു.
കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തി അന്വേഷണം നടത്തി. മൊഴി നല്‍കുന്നതിന് ഹാജരാകാൻ പ്രിന്‍സിപ്പലിന് നോട്ടീസ് നല്കി. യുവതി ഒറ്റയ്ക്കാണോ വ്യാജരേഖ ഉണ്ടാക്കിയത്, മഹാരാജാസ് കോളജില്‍നിന്ന് ഇതിനു സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.
വിദ്യയെ കുടുക്കിയത് സര്‍ട്ടിഫിക്കറ്റുകളിലെ വ്യത്യസ്തത
സാധാരണ കോളജുകളില്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ രീതിയില്‍നിന്നു വ്യത്യസ്തമായ രേഖയാണ് വിദ്യയെ കുടുക്കിയത്. സര്‍ട്ടിഫിക്കറ്റിലുള്ള കോളജിന്റെ എംബ്ലത്തില്‍ വ്യത്യാസമുണ്ട്. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റില്‍ സാധാരണയായി പ്രിന്‍സിപ്പല്‍ മാത്രമാണ് ഒപ്പുവയ്ക്കാറ്. എന്നാല്‍ വിദ്യ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റില്‍ പ്രിന്‍സിപ്പലിനൊപ്പം ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുടെ ഒപ്പുമുണ്ടായിരുന്നു.
സര്‍ട്ടിഫിക്കറ്റിലുള്ള റഫറന്‍സ് നമ്പറില്‍ ഇ ഫോര്‍ എന്ന സെക്ഷന്‍ ആണ് നല്‍കിയിരിക്കുന്നത്. ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ ജോലി നല്‍കണമെന്ന കോളജ് അധികൃതരുടെ പരാമര്‍ശവും ഉണ്ടായിരുന്നു. ഉദ്യോഗാര്‍ഥി ഡിജിറ്റല്‍ ടീച്ചിംഗില്‍ മിടുക്കിയാണെന്നും സര്‍ട്ടിഫിക്കറ്റിലുണ്ട്.