കോഴിക്കോട് കിർത്താഡ്സിൽ ജോലിക്കു കയറിയ നാലു പേർ ഹാജരാക്കിയതു വ്യാജരേഖകൾ
Saturday, June 10, 2023 12:13 AM IST
റെനീഷ് മാത്യു
കണ്ണൂർ: മതിയായ യോഗ്യത ഇല്ലാഞ്ഞിട്ടും വ്യാജ സർട്ടിഫിക്കറ്റ് നൽകി സംസ്ഥാന സർക്കാർ സ്ഥാപനമായ കോഴിക്കോട്ടെ കിർത്താഡ്സിൽ പിഎസ്സി വഴി ജോലി നേടിയവർക്കെതിരായുള്ള പരാതിയിൽ ഇതുവരെ നടപടി എടുത്തില്ലെന്ന് ആക്ഷേപം. ഇവിടെ ജോലി ചെയ്യുന്ന നാലുപേർ പിഎസ്സിയിൽ നിയമനം നേടിയത് വ്യാജ രേഖ ചമച്ചുകൊണ്ടെന്നാണു പരാതി. ഇക്കാര്യത്തെക്കുറിച്ച് പിഎസ്സിയോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
പട്ടികജാതി പട്ടികവർഗക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കിർത്താഡ്സിലെ റിസർച്ച് അസിസ്റ്റന്റ് (അന്ത്രോപ്പോളജി), റിസർച്ച് അസിസ്റ്റന്റ് (സോഷ്യോളജി) എന്നീ തസ്തികകളിലാണ് ഇവർ കൃത്രിമമായി പരിചയ സർട്ടിഫിക്കറ്റ് നൽകി ജോലിയിൽ കയറിയത്. 2021-22 കാലയളവിലാണ് ഇവർ ജോലിയിൽ പ്രവേശിച്ചത്. സിപിഎം അനുകൂല സംഘടനകളുടെ പ്രവർത്തകരാണ് ഇവർ. കിർത്താഡ്സിലെ റിസർച്ച് അസിസ്റ്റന്റ് തസ്തികകളുടെ അടിസ്ഥാന യോഗ്യത മൂന്നു വർഷത്തെ എസ്സിഎസ്ടി മേഖലയിലെ ഗവേഷണ പരിചയമാണ്.
സർക്കാർ വകുപ്പ്, ഗവൺമെന്റ് അംഗീകൃത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്സിറ്റി എന്നിവയിൽനിന്നായിരിക്കണം ഗവേഷണ പരിചയം. മറ്റു വിഷയങ്ങളിലെ പിഎച്ച്ഡിയോ ഗവേഷണ മുൻപരിചയമോ, എൻജിഒയിലെ മുൻപരിചയമോ ഉള്ളവരെ പിഎസ്സി അഭിമുഖത്തിനു പരിഗണിച്ചില്ല. ഈ മാനദണ്ഡങ്ങൾ തെറ്റിച്ചാണ് നാലു പേരും ജോലിക്കു കയറിയത്. നേരിട്ടുള്ള അഭിമുഖം വഴിയായിരുന്നു പ്രവേശനം.
ജോലിയിൽ കയറിയ മൂന്നു പേർക്കും എസ്സി/എസ്ടി മേഖലയിൽ ഗവേഷണ പരിചയം രണ്ടുവർഷത്തിൽ താഴെ മാത്രമാണ്. ഒരാൾക്കു പരിചയമേയില്ല. രണ്ടേമുക്കാൽ വർഷം അംഗീകൃത റിസർച്ച് പരിചയമുള്ള പലരുടെയും അപേക്ഷകൾ തള്ളിയിട്ടാണ് ഇവർക്കു നിയമനം നൽകിയത്.
ഇവരുടെ വ്യാജരേഖകൾ സഹിതം പിഎസ്സിക്കു ചില ഉദ്യോഗാർഥികൾ പരാതി നൽകിയെങ്കിലും ഇതുവരെ നടപടി എടുത്തിട്ടില്ല. പരാതിപ്പെട്ടവർക്ക് അനുഭവിക്കേണ്ടി വന്ന കാര്യങ്ങളെക്കുറിച്ച് എഴുത്തുകാരി ഇന്ദുമേനോൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു.