ക്രൈസ്തവർക്കെതിരേയുള്ള ഗൂഢനീക്കങ്ങൾ: താക്കീതായി ഐക്യദാർഢ്യ റാലി
Saturday, June 10, 2023 12:13 AM IST
കാഞ്ഞിരപ്പള്ളി: ക്രൈസ്തവ സമൂഹത്തിനെതിരായ ഗൂഢനീക്കങ്ങൾക്കെതിരേ കാഞ്ഞിരപ്പള്ളിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ റാലിയിൽ ജനസാഗരം ഒഴുകിയെത്തി.
കാഞ്ഞിരപ്പള്ളി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെയും യുവദീപ്തി-എസ്എംവൈഎം യുവജന സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന റാലിയിൽ ആയിരങ്ങളാണ് അണിചേർന്നത്. കഴിഞ്ഞ ദിവസം മരിച്ച അമൽജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിനെ അനുസ്മരിച്ചുള്ള പ്രാർഥനയോടെയാണ് റാലി ആരംഭിച്ചത്.
സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽനിന്ന് ആരംഭിച്ച റാലി കുരിശുങ്കൽ ജംഗ്ഷൻ, പേട്ടക്കവല വഴി പഴയപള്ളി ഗ്രൗണ്ടിൽ സമാപിച്ചു. ക്രൈസ്തവസമൂഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സംഭവങ്ങൾക്കെതിരേയുള്ള വികാരമാണ് റാലിയിൽ ഉയർന്നത്. എല്ലാ വിഭാഗങ്ങൾക്കും ജീവിക്കാനുള്ള സാഹചര്യം സമൂഹത്തിൽ ഒരുങ്ങണമെന്നും സംഘടിത ആക്രമണങ്ങൾ ചെറുക്കപ്പെടണമെന്നും ആവശ്യമുയർന്നു.
സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെയും വിശ്വാസത്തിനും ധാര്‍മികതയ്ക്കും വിരുദ്ധമായി പ്രവർത്തിക്കുന്നവരെയും ആർജവത്തോടെ നേരിടുമെന്ന പ്രതിജ്ഞ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ടെസി ബിജു പാഴിയാങ്കല്‍ ചൊല്ലിക്കൊടുത്തു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍, യുവദീപതി രൂപത പ്രസിഡന്റ് സനു പുതുശേരി എന്നിവര്‍ ചേര്‍ന്നാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റുമാരായ ഡെന്നി കൈപ്പനാനി, രാജേഷ് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് പതാക കൈമാറി.
ചങ്ങനാശേരി അതിരൂപത ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് സാം ഓടയ്ക്കല്‍, രൂപത പ്രസിഡന്റ് സനു പുന്നയ്ക്കല്‍, പെരുവന്താനം ഫൊറോന വൈസ് പ്രസിഡന്റ് അലോക് ബെന്നി എന്നിവര്‍ സന്ദേശങ്ങള്‍ നല്കി.
റാലിയിൽ രൂപതയിലെ എല്ലാ ഇടവകകളെയും പ്രതിനിധീകരിച്ചുള്ള വിശ്വാസികള്‍, വൈദികര്‍, സന്യസ്തര്‍, സംഘടനാ പ്രതിനിധികള്‍, വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവർ പങ്കെടുത്തു.