പി.കെ. ബിജുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം
Wednesday, September 13, 2023 4:16 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആലത്തൂര്‍ മുന്‍ എംപിയുമായ പി.കെ. ബിജുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഇഡി അന്വേഷണം.
കേസില്‍ അറസ്റ്റിലായ പി. സതീഷ്കുമാറുമായി ബിജു സാമ്പത്തിക ഇടപാട് നടത്തിയതടക്കമുള്ള വിവരങ്ങളാണു പരിശോധിക്കുന്നത്. സതീഷ് കുമാറിനും അറസ്റ്റിലായ പി.പി. കിരണിനും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പണമിടപാട് ഉണ്ടായിരുന്നതായാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒരു മുന്‍ എംപിക്കും പണമിടപാടില്‍ ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇഡി പറഞ്ഞ മുന്‍ എംപി പി.കെ. ബിജുവാണെന്നും അറസ്റ്റിലായ സതീഷ് കുമാര്‍ ബിജുവിന്റെ മെന്റര്‍ ആണെന്നുമായിരുന്നു അനില്‍ അക്കരയുടെ ആരോപണം. സതീഷ്കുമാർ ഉന്നതരുമായി നേരിട്ടു പണമിടപാട് നടത്തിയിരുന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍.
എ.സി. മൊയ്തീന്റെ മൊഴിയുടെയും ബിജുവിന്റെ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണത്തില്‍നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഇഡി തീരുമാനിക്കുക.