എ.സി. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്തേക്കും
Wednesday, September 13, 2023 4:16 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന് എംഎല്‍എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യംചെയ്തേക്കും.
മൊയ്തീന്റെ മൊഴിയും അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാക്കിയ രേഖകളും ഇഡി പരിശോധിച്ചുവരികയാണ്. ഇതിനുശേഷമാകും വീണ്ടും ചോദ്യംചെയ്യുക. കേസില്‍ അറസ്റ്റിലായ പ്രതികളും എ.സി. മൊയ്തീനും അന്വേഷണസംഘത്തിനു നല്കിയ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് കണ്ടെത്തല്‍. ഹാജരാക്കിയ ആദായനികുതി രേഖകളും ഇഡി അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച രേഖകളും തമ്മില്‍ പൊരുത്തക്കേടുള്ളതായും ഇവ അപൂര്‍ണമാണെന്നുമാണ് നിലവിലെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വിശദമായ ചോദ്യംചെയ്യലാകും അടുത്തഘട്ടത്തില്‍ നടക്കുക.
മൊയ്തീന്റെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയെത്തുടര്‍ന്ന് 28 ലക്ഷം രൂപയുടെ നിക്ഷേപം ഉള്‍പ്പെടെ അക്കൗണ്ടുകള്‍ നേരത്തേ മരവിപ്പിച്ചിരുന്നു.
എംഎല്‍എ, മന്ത്രി എന്നീ നിലകളില്‍ തനിക്കു ലഭിച്ച വരുമാനവും ഭാര്യയുടെ ശമ്പളവും ചേര്‍ത്ത് നിക്ഷേപിച്ചതാണു തുകയെന്നാണ് മൊയ്തീന് ഇതിനു നല്കിയ വിശദീകരണം. അക്കൗണ്ട് മരവിപ്പിച്ചത് ഒഴിവാക്കണമെന്ന് മൊയ്തീന് ഇന്നലെ ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമായിരിക്കും ഇതിന്മേലുള്ള നടപടി. ഒമ്പതര മണിക്കൂറാണ് കഴിഞ്ഞദിവസം ചോദ്യം ചെയ്യല്‍ നടന്നത്.