നിപ: രണ്ടാം തരംഗ സാധ്യത പൂർണമായി തള്ളിക്കളയാൻ കഴിയില്ലെന്നു മുഖ്യമന്ത്രി
Wednesday, September 20, 2023 12:58 AM IST
തിരുവനന്തപുരം: നിപ രണ്ടാം തരംഗത്തിനു സാധ്യത കുറവാണെങ്കിലും പൂർണമായും തള്ളിക്കളയാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്തുകൊണ്ട് നിപ വീണ്ടും കോഴിക്കോട് എന്നതിനു വ്യക്തമായ ഉത്തരം ഐസിഎംആറും നൽകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സർവയലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ വിശദ നിർദേശം തയാറാക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. വവ്വാലുകളെ കുറിച്ച് ഐസിഎംആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും നമുക്കു ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാംപിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കും.
ഐസിഎംആർ വൈറസ് സീക്വൻസി നടത്തിയപ്പോൾ 2018നും 2019നും സമാനമായ കാര്യങ്ങളാണു കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. കൂടുതൽ വവ്വാലുകളുടെ സാംപിളുകൾ ശേഖരിക്കുന്നുണ്ട്.
നിപ കണ്ടെത്തിയ പ്രദേശങ്ങളിലെ കണ്ടെയ്ൻമെന്റ് സോണിലെ കടകൾ തുറക്കുന്നത് വൈകുന്നേരം 5 മണി എന്നത് രാത്രി 8 വരെയാക്കി. കൂടുതൽ ഇളവു നൽകുന്നത് 22നു ശേഷം തീരുമാനിക്കും.
കൂടുതൽ പേരിലേക്ക് രോഗം പടരാത്തത് ആശ്വാസകരമാണ്. തുടക്കത്തിൽ കണ്ടെ ത്താനായതു കൊണ്ടാണ് അപകടകരമായ സാഹചര്യം ഒഴിവായത്. 1286 പേരാണ് സന്പർക്ക പട്ടികയിൽ ഉള്ളത്. ഇവരിൽ 276 പേർ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവരാണ്. 994 പേർ നിരീക്ഷണത്തിലാണ്.
സന്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. രോഗലക്ഷണമുള്ള 304 പേരുടെ സാംപിളുകളാണ് ശേഖരിച്ചത്. ഇതിൽ 267 പേരുടെ ഫലം വന്നു. 6 പേരുടെ ഫലമാണു പോസിറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 9 പേരാണ് ഐസലേഷനിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.