നിറ്റ ജലാറ്റിൻ പൊട്ടിത്തെറി: സുരക്ഷാ വീഴ്ചയെന്നു പോലീസ്
Thursday, September 21, 2023 12:28 AM IST
കാക്കനാട്: കാക്കനാട് കിൻഫ്ര പാർക്കിലെ നിറ്റ ജലാറ്റിൻ കമ്പനിയിലുണ്ടായ പൊട്ടിത്തെറി സുരക്ഷാവീഴ്ചയാണെന്നു പോലീസ്.
കമ്പനിയുടെ ആവശ്യത്തിനുശേഷം സൂക്ഷിച്ചിരുന്ന സൾഫ്യുറിക് ആസിഡും മറ്റു രാസവസ്തുക്കളും ഉണ്ടായിരുന്ന കന്നാസുകളിൽ സമ്മർദമുണ്ടായതാണ് പൊട്ടിത്തെറിക്കു കാരണമെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം.
ഇന്നലെ രാവിലെ പത്തോടെ തൃക്കാക്കര അസി. കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധർ അപകടസ്ഥലത്തെത്തി പരിശോധന നടത്തി. അപകടസ്ഥലത്തെ കാനുകളിൽ ശേഷിക്കുന്ന രാസവസ്തുക്കൾ സംഘം ശേഖരിച്ചു.
കമ്പനിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വിവരം നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി ഏറെ വൈകിയാണ് കമ്പനിയിലെ സെക്യൂരിറ്റി വിവരം അറിഞ്ഞതെന്നും അപകടസാധ്യതയുള്ള സ്ഥലത്ത് വേണ്ടത്ര മുൻകരുതൽ എടുത്തിരുന്നില്ലെന്നും ആക്ഷേപമുണ്ട്.