എം.കെ. കണ്ണന് അനിൽ അക്കരയുടെ വക്കീൽ നോട്ടീസ്
Friday, September 22, 2023 5:15 AM IST
തൃശൂർ: തനിക്കെതിരെ സിപിഎം നടത്തുന്ന അപവാദ പ്രചാരണങ്ങൾക്കും സൈബർവേട്ടയ്ക്കും എതിരേ കെപിസിസി നിർവാഹക സമിതി അംഗം അനിൽ അക്കര. അടാട്ട് ബാങ്കിൽ അനിൽ അക്കരയുടെ കുടുംബത്തിന്റെ ലക്ഷങ്ങൾ എഴുതിത്തള്ളിയെന്നു കഴിഞ്ഞ ദിവസം സിപിഎം മുഖപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വിഷയത്തിൽ നിയമസഭാ സമിതി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ വസ്തുതയില്ലെന്നു തെളിഞ്ഞിരുന്നു. നിയമസഭാ സമിതിയുടെ റിപ്പോർട്ട് സ്പീക്കർ അംഗീകരിച്ചതുമാണ്.
അപവാദ പ്രചാരണത്തിനെതിരേ സിവിൽ- ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് അനിൽ അക്കര പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസം കേരള ബാങ്ക് വൈസ് ചെയർമാനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.കെ. കണ്ണൻ പത്രസമ്മേളനത്തിനിടെ നടത്തിയ വ്യക്തിപരമായ പരാമർശത്തിനെതിരേ വക്കീൽ നോട്ടീസ് അയച്ചെന്നും അനിൽ പറഞ്ഞു. 15 ദിവസത്തിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നു നോട്ടീസിൽ വ്യക്തമാക്കി.
അതേസമയം കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ എ.സി. മൊയ്തീന് പങ്കുണ്ടെന്ന ആരോപണം അനിൽ അക്കര ആവർത്തിച്ചു. ലൈഫ് മിഷൻ കേസിൽ കോഴയായി ലഭിച്ച രണ്ടു കോടി രൂപ എ.സി. മൊയ്തീൻ കരുവന്നൂർ ബാങ്കിലാണു നിക്ഷേപിച്ചത്. ആ പണമാണ് ഉന്നത പോലീസുദ്യോഗസ്ഥന്റെ ഇടപെടലിനെ തുടർന്ന് ബാങ്കിൽനിന്നെടുത്തു ചാക്കിലാക്കി കടത്തിയതെന്നും അനിൽ ആരോപിച്ചു.