"സംസ്ഥാന സർക്കാർ കേന്ദ്ര ഏജൻസികളെ
ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു'
Friday, September 22, 2023 5:15 AM IST
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം ഉന്നത നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇഡിക്കെതിരായ പോലീസ് നീക്കം ഇതിന്റെ തെളിവാണ്. മുന്‍പും കേന്ദ്ര ഏജൻസികളെ ഭയപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കൗണ്‍സിലർ അരവിന്ദാക്ഷനെകൊണ്ട് കള്ളപരാതി കൊടുപ്പിച്ചതിനു പിന്നിൽ സിപിഎം നേതൃത്വമാണ്. ഇഡി മർദിച്ചുവെന്ന പരാതി കരുവന്നൂർ കേസ് അട്ടിമറിക്കാൻവേണ്ടിയുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണ്.
ശാസ്ത്രീയമായ രീതിയിൽ സുതാര്യമായ സംവിധാനത്തിലാണ് കേന്ദ്ര ഏജൻസികളുടെ ചോദ്യംചെയ്യലെന്ന് എല്ലാവർക്കും അറിയാം. കാമറകളുടെ നടുവിലാണ് ചോദ്യം ചെയ്തതെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യംചെയ്യലിനു ശേഷം ആറു ദിവസം കഴിഞ്ഞാണ് അരവിന്ദാക്ഷൻ പരാതി കൊടുത്തത്. ഇത് ഗൂഢാലോചനയാണെന്നും സുരേന്ദ്രൻ പറഞ്ഞു.