കേരളീയം : പ്രതിപക്ഷം ബഹിഷ്കരിക്കും
Friday, September 22, 2023 5:23 AM IST
തിരുവനന്തപുരം: നവംബർ ഒന്നു മുതൽ ഏഴു വരെ സർക്കാർ നടത്തുന്ന കേരളീയം പരിപാടി പ്രതിപക്ഷം ബഹിഷ്കരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന പര്യടന പരിപാടികളിലും യുഡിഎഫ് സഹകരിക്കില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്.
ഈ രണ്ടു പരിപാടികളും സർക്കാർ ചെലവിലുള്ള തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളാണെന്നു സതീശൻ ചൂണ്ടിക്കാട്ടി. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളുടെ പ്രചരണ പരിപാടികൾ ഇടതുമുന്നണി സ്വന്തം നിലയിൽ സംഘടിപ്പിക്കണം. അല്ലാതെ, സർക്കാർ ഖജനാവിലുള്ള പൊതുജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യരുത്.
വികൃതമായ സർക്കാരിന്റെ മുഖം മിനുക്കുന്നതിനാണ് ഖജനാവിൽനിന്ന് കോടികൾ ചെലവഴിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിപക്ഷവുമായി ഒരു ആലോചനയും നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ രണ്ട് പരിപാടികളും യുഡിഎഫ്ബഹിഷ്കരിക്കുമെന്ന് വി.ഡി. സതീശൻ പറഞ്ഞു.