വ്യാജ ലഹരിമരുന്നു കേസ്: ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ ബന്ധുവിന്റെ അറസ്റ്റ് തടഞ്ഞു
Tuesday, September 26, 2023 4:55 AM IST
കൊച്ചി: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍ ബന്ധുവായ കാലടി സ്വദേശിനി ലിവിയ ജോസിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി ഒക്ടോബര്‍ മൂന്നു വരെ തടഞ്ഞു.
മുന്‍കൂര്‍ ജാമ്യം തേടി ലിവിയ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസാണ് അറസ്റ്റ് തടഞ്ഞത്. പ്രോസിക്യൂഷന്റെ വിശദീകരണം തേടി ഹര്‍ജി ഒക്ടോബര്‍ മൂന്നിലേക്കു മാറ്റി. കഴിഞ്ഞ ഫെബ്രുവരി 27 ന് വൈകുന്നേരം ഷീലയുടെ സ്കൂട്ടറില്‍നിന്ന് എക്സൈസ് സംഘം 12 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടികൂടിയിരുന്നു. അറസ്റ്റിലായ ഷീല 72 ദിവസം ജയിലില്‍ കഴിഞ്ഞു.