റേഷന്‍ വ്യാപാരികള്‍ കൂട്ടത്തോടെ കോടതിയിലേക്ക്
ബെന്നി ചിറയില്‍
Wednesday, September 27, 2023 6:17 AM IST
ചങ്ങനാശേരി: കോവിഡ് കാലത്തെ കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ കൂട്ടത്തോടെ ഹൈക്കോടതിയില്‍ കക്ഷി ചേരുന്നു.
കോടതിവിധി ഉണ്ടായിട്ടും കിറ്റ് വിതരണത്തിന്റെ 10 മാസത്തെ കമ്മീഷന്തുക വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തടസവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരേയാണ് സംസ്ഥാനത്തെ പതിനാലായിരത്തിലേറെ വരുന്ന റേഷന്‍ വ്യാപാരികള്‍ ഒന്നടങ്കം കോടതിയെ സമീപിക്കാന്‍ തയാറെടുക്കുന്നത്.
വിഷയവുമായി ബന്ധപ്പെട്ട് വിവിധ റേഷന്‍ വ്യാപാരി സംഘടനകളുടെ മേഖലാ സമ്മേളനങ്ങളും കണ്‍വന്‍ഷനുകളും നടന്നുവരികയാണ്. വിഷയം നിയമവിദ്ധരുമായി ചര്‍ച്ച ചെയ്യുകയും കോടതിയെ സമീപിക്കുന്നതിനുള്ള ഫണ്ട് സമാഹരണം നടത്തുകയുമാണെന്നും റേഷന്‍ വ്യാപാരി സംഘടനാ നേതാക്കള്‍ പറഞ്ഞു. റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന് നല്‍കണമെന്ന ഹൈകോടതിവിധി ഉണ്ടായത് ഒന്നര വര്‍ഷം മുമ്പാണ്.
കിറ്റ് വിതരണത്തിന്റെ മുഴുവന്‍ കുടിശികയും നല്‍കണമെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇറക്കിയ ഉത്തരവ് സര്‍ക്കാര്‍ പാലിക്കാതെ വന്നപ്പോള്‍ റേഷന്‍ വ്യാപാരികളുടെ സംയുക്ത യൂണിയനില്‍പ്പെട്ട ആറു പേര് കോടതിയലക്ഷ്യ ഹര്‍ജി നല്കി. ഇതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും സുപ്രീംകോടതി അപ്പീല്‍ തള്ളി.
കോടതിവിധി പ്രകാരം കേരളത്തിലെ 14,257 റേഷന്‍ കടകള്‍ക്ക് കമ്മീഷന് വിതരണം ചെയ്യണമെങ്കില്‍ ഏകദേശം 50 കോടിയോളം രൂപ ആവശ്യമാണ്. ഈ തുക നല്കുമെന്നു ഭക്ഷ്യ മന്ത്രി ഇക്കഴിഞ്ഞ ജൂലൈയില്‍ പലതവണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പിന്നീട് സര്‍ക്കാരും സിവില്‍ സപ്ലൈസ് വകുപ്പും മലക്കം മറിയുകയും കേസില്‍ കക്ഷി ചേര്‍ന്ന ആറു വ്യാപാരികള്‍ക്കു മാത്രം കമ്മീഷന് തുക 1,86,410 രൂപ നല്കി സര്‍ക്കാര്‍ തലയൂരാന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്ന് റേഷന്‍ വ്യാപാരികളുടെ സംയുക്ത സംഘടനാ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരേയാണ് റേഷന്‍ വ്യാപാരികള്‍ കൂട്ടത്തോടെ കേസില്‍ കക്ഷിചേരാനുള്ള നടപടികളുമായി മുന്നോട്ടു നീങ്ങുന്നത്. വ്യാപാരികള്‍ക്ക് കമ്മീഷന് നല്കാതിരിക്കുന്നതിനുവേണ്ടിയുള്ള കേസ് നടത്തിപ്പിനായി സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചതായും ആരോപണമുണ്ട്.
കുടിശിക കമ്മീഷന് തുക ഉടന്‍ നല്‍കാമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ ഓണത്തിന് എഎവൈ വിഭാഗക്കാര്‍ക്കുള്ള കിറ്റ് സൗജന്യമായി വിതരണം ചെയ്തതെന്ന് റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.