ഇഡിയുടെ അടുത്ത ലക്ഷ്യം മൊയ്തീൻ
സ്വന്തം ലേഖകൻ
Wednesday, September 27, 2023 6:25 AM IST
തൃശൂർ: സിപിഎമ്മിന്റെ വടക്കാഞ്ചേരിയിലെ പ്രമുഖ നേതാവായ പി.ആർ. അരവിന്ദാക്ഷന്റെ അറസ്റ്റിനു പിന്നാലെ എ.സി. മൊയ്തീന്റെ മുൻകൂർ ജാമ്യത്തിനു നീക്കം. അരവിന്ദാക്ഷന്റെ അറസ്റ്റ് മുൻകൂട്ടി കാണാൻ നേതൃത്വത്തിനു കഴിഞ്ഞില്ലെന്ന ആക്ഷേപവുമുണ്ട്. ഇത്തരമൊരു വീഴ്ച മൊയ്തീന്റെ കാര്യത്തിലുണ്ടാകരുതെന്ന കർശന നിലപാടിലാണു സിപിഎം സംസ്ഥാന നേതൃത്വം. ഇഡിയുടെ ചോദ്യം ചെയ്യലും അനന്തര നടപടികളും എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ എന്നിവരിലേക്കെത്തുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
മൊയ്തീനും കണ്ണനുമടക്കമുള്ള നേതാക്കളെ സദാ നിരീക്ഷിക്കാനും കൊച്ചിയിൽ മുൻകൂർ ജാമ്യത്തിനായി അഭിഭാഷക സംഘത്തെ ഒരുക്കിനിർത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
ലോക്കൽ പോലീസിനെയോ സംസ്ഥാന-ജില്ലാ സ്പെഷൽ ബ്രാഞ്ചിനെയോ അറിയിക്കാതെയാണ് ഇഡിയുടെ നീക്കങ്ങൾ. അതിനാൽ ആഭ്യന്തര വകുപ്പിനും സിപിഎമ്മിനെ സഹായിക്കാനാകാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് അണികളോട് ഉണർന്നിരിക്കാനുള്ള ആഹ്വാനം.