കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്
Saturday, September 30, 2023 1:28 AM IST
കൊച്ചി: ക്രൈസ്തവ സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ചു തയാറാക്കി സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ പ്രദേശങ്ങളില്‍നിന്നുമായി ലഭിച്ച ലക്ഷക്കണക്കിന് നിവേദനങ്ങളും കൃത്യമായ നിര്‍ദേശങ്ങളും അടങ്ങിയ ഹര്‍ജികള്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷനു മുമ്പാകെ നല്‍കിയിരുന്നു.
കഴിഞ്ഞ മേയ് 17ന് കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ അടിയന്തര പ്രാധാന്യം നല്കി കമ്മീഷന്റെ ശിപാര്‍ശകള്‍ പ്രസിദ്ധീകരിക്കണം.
സംവരണേതര വിഭാഗങ്ങള്‍ക്കായുള്ള സാമ്പത്തിക സംവരണം ഇനിയും നടപ്പാക്കാത്തതിനാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഇതു നീതികേടാണ്. ജെ.ബി. കോശി കമ്മീഷന് കേരളത്തിലെ വിവിധ ജില്ലകളില്‍ രണ്ടുവര്‍ഷമെടുത്ത് സിറ്റിംഗ് നടത്തിയപ്പോള്‍ ക്രൈസ്തവ സമൂഹം നേരിടുന്ന അഞ്ഞൂറില്‍പ്പരം പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും നിര്‍ദേശിച്ചിരുന്നു.
സഭാ സമുദായ നേതൃത്വങ്ങളുമായി ചര്‍ച്ചകളും നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം.
ക്രൈസ്തവര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ അന്യായമായി കൈക്കലാക്കിയവര്‍ക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ ആധ്യക്ഷതയിൽ നടന്ന സമ്മേളനത്തില്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി രാജീവ് ജോസഫ്, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ്കുട്ടി ഒഴുകയില്‍, രാജേഷ് ജോണ്‍, ഡോ. കെ.എം. ഫ്രാന്‍സിസ്, ഡോ. ചാക്കോ കാളംപറമ്പില്‍, ബെന്നി ആന്റണി, ടെസി ബിജു, ട്രീസ ലിസ് സെബാസ്റ്റ്യന്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.