സിനിമക്കാർ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ
Sunday, October 1, 2023 1:33 AM IST
തിരുവനന്തപുരം: സമൂഹത്തിൽ നടക്കുന്ന തെറ്റായ കാര്യങ്ങളെപ്പറ്റി പല സിനിമക്കാരും തുറന്നു പറയാറില്ലെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ. എന്തെങ്കിലും പറഞ്ഞാൽ ഇഡി വരുമോ എന്നാണ് അവരുടെ ഭയം.
നല്ല കാര്യങ്ങൾ കണ്ടാൽ വിളിച്ചുപറയുന്നയാളാണ് ഞാൻ. അതുപോലെ ചീത്ത കാര്യങ്ങളെക്കുറിച്ചും മടിയില്ലാതെ പറയും. എഴുത്തുജീവിതത്തിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ് ക്ലബ് നൽകിയ സ്നേഹാദര ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രീധരൻപിള്ള അരനൂറ്റാണ്ടുകൊണ്ട് 200ലേറെ പുസ്തകങ്ങൾ എഴുതി. ഇന്റർനെറ്റിൽ പരതിയപ്പോൾ പേജുകൾ തോറുമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ലിസ്റ്റ്. കലാബോധവും സാഹിത്യബോധവുമാണ് നല്ല ഭരണാധികാരികൾക്ക് വേണ്ട ഗുണം. ഈ കഴിവുകളുള്ളവരാണ്. രാഷ്ട്രീയ രംഗത്തും വരേണ്ടത്.
ജനങ്ങളുമായി ഇടപഴകാൻ ഇത്തരം നേതാക്കൾക്കേ സാധിക്കൂ എന്നും അടൂർ പറഞ്ഞു. പ്രസ് ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന പുതിയ പിജി ഡിപ്ലോമ കോഴ്സിന്റെ ഉദ്ഘാടനം പി.എസ്.ശ്രീധരൻ പിള്ള നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കേരള പ്രസ് അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ്, പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു, ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സിബി കാട്ടാമ്പള്ളി, അജി ബുധനൂർ എന്നിവർ പ്രസംഗിച്ചു.