ഹര്‍ജിക്കാരിക്ക് ഈ പേരു രേഖപ്പെടുത്തി തദ്ദേശഭരണ സ്ഥാപനത്തിലെ രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കാമെന്നും മാതാപിതാക്കളുടെ അനുമതി നോക്കാതെ രജിസ്ട്രാര്‍ ഇതു ചേര്‍ത്ത് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കുട്ടിക്ക് പേരിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അമ്മ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേരു നല്‍കിയിരുന്നില്ല. എന്നാല്‍, വിദ്യാഭ്യാസം തുടങ്ങാന്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് വേണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതോടെ ഹര്‍ജിക്കാരി കുട്ടിയുമായി തദ്ദേശഭരണ വകുപ്പിലെ ജനന-മരണ രജിസ്ട്രാര്‍ മുമ്പാകെ ഹാജരായി ഒരു പേരു നിര്‍ദേശിച്ചു.
എന്നാല്‍ കുട്ടിയുടെ പിതാവും വരണമെന്ന് രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എത്തിയ പിതാവു മറ്റൊരു പേരാണ് നിര്‍ദേശിച്ചത്. ഇതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ പേരു ചേര്‍ക്കാന്‍ കഴിഞ്ഞില്ല.
ഹര്‍ജിക്കാരി തുടര്‍ന്ന് കുടുംബക്കോടതിയെ സമീപിച്ചെങ്കിലും നഗരസഭാ സെക്രട്ടറിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു ഹര്‍ജി തീര്‍പ്പാക്കി. നഗരസഭാ സെക്രട്ടറിക്കും പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.