ട്രെയിന്‍ തീവയ്പ്: എന്‍ഐഎ കുറ്റപത്രം പോലീസ് കണ്ടെത്തലിനു സമാനം
Sunday, October 1, 2023 1:33 AM IST
ഇ.അനീഷ്
കോഴിക്കോട്: കേരളത്തെ പിടിച്ചുകുലുക്കിയ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ആറുമാസത്തിനുശേഷം എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കേരള പോലീസിനും ആശ്വാസം.
സംഭവം നടന്ന് രണ്ടാഴ്ചകൊണ്ട് കേരള പോലീസ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതില്‍ കൂടുതല്‍ കാര്യങ്ങളൊന്നും ദേശീയ അന്വേഷണ ഏജന്‍സിക്കും കണ്ടെത്താനായിട്ടില്ല.
പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും സഹായം ലഭിച്ചോ എന്ന കാര്യമായിരുന്നു പ്രധാനമായും കേരള പോലീസിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. കേസ് വിവാദമായതോടെ യുഎപിഎ ചുമത്തി കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ കേരള പോലീസ് നിര്‍ബന്ധിതരാകുകയായിരുന്നു.
സംഭവത്തില്‍ തീവ്രവാദസ്വഭാവം ചര്‍ച്ചയായ സാഹചര്യത്തിലായിരുന്നു കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്. എന്നാല്‍ ആറുമാസത്തിനപ്പുറം കേരള പോലീസ് കണ്ടെത്തിയതില്‍ കൂടുതലൊന്നും എന്ഐഎയ് ക്കും കണ്ടെത്താനായില്ല. പ്രതി സ്വയംപ്രഖ്യാപിത തീവ്രവാദിയാണെന്നും ഇത്തരം സമൂഹമാധ്യമ കൂട്ടായ്മകളില്‍ ആവേശഭരിതനായി ഇറങ്ങിത്തിരിച്ചാണ് അക്രമം നടത്തിയതെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
പ്രതിയെ ചോദ്യം ചെയ്ത വേളയില്‍ കേരള പോലീസും പറഞ്ഞത് ഇതുതന്നെയായിരുന്നു. കുറ്റകൃത്യം നടത്തിയിട്ടുള്ള ഷാറുഖ് സെയ്ഫി തീവ്രവാദ ചിന്താഗതിക്കാരനാണെന്നും മതപരമായ തീവ്രനിലപാടുകളുടെ സ്വാധീനം ഇയാള്ക്കുമേലുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരം ആക്രമണം നടത്തിയതെന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു കേരള പോലീസും എന്‍ഐഎയ്ക്ക് കൈമാറിയത്.
അതേസമയം, അപകടം നടന്നയുടന്‍ ട്രെയിനിൽ നടത്തേണ്ട പരിശോധന വൈകിച്ചതും, പ്രധാന തെളിവായ പ്രതിയുടെ ബാഗും അതിലെ കുറിപ്പുകളടങ്ങിയ ഡയറിയും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പരിശോധിച്ചതും കേരള പോലീസിന്റെ പിഴവാണെന്ന് എന്‍ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നല്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തിയിരുന്നു.
കേസില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സഹായം പ്രതിക്ക് ലഭിച്ചിരിക്കാമെന്നായിരുന്നു അന്ന് സംശയമുയര്‍ന്നത്. തുടര്‍ന്നാണ് കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തത്. തുടര്‍ന്ന് കൊച്ചിയൂണിറ്റ് അന്വേഷണം നടത്തി പ്രതിയുടെ ഡല്‍ഹി ഷഹീന്‍ബാഗിലെ താമസ സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടര്‍ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
ഏപ്രില്‍ രണ്ടിനാണ് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീവയ്പുണ്ടായത്. അക്രമി പെട്രോള്‍ യാത്രക്കാര്‍ക്കു നേരേ ഒഴിച്ചു തീവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ ട്രെയി നിൽനിന്നു ചാടിയെ ന്നു കരുതുന്ന യാത്രക്കാരില്‍ മൂന്നു പേരെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
സംഭവം നടന്നു മൂന്നാം ദിവസം മഹാരാഷ്ട്രയിലെ രത്നഗിരിയില്‍നിന്ന്, ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത് കേരള പോലീസിനു കൈമാറുകയും ചെയ്തു.
പ്രതിയെ കൊണ്ടുവരുന്നതിനിടെ പോലീസ് വാഹനം കേടായതും അന്വേഷണസംഘത്തിലില്ലാതിരുന്ന ഐജി പി.വിജയന് പ്രതിയുടെ യാത്രാവിവരങ്ങള്‍ ജൂണിയര്‍ പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ച് മനസിലാക്കി മാധ്യമങ്ങള്‍ക്കുള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്ന വിവാദവും കേരള പോലീസിന് നാണക്കേടുണ്ടാക്കി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും ഇദ്ദേഹം സസ്പെന്‍ഷനിലാണ്.