പ്രതിസന്ധി ഘട്ടങ്ങളിൽ കോടിയേരി പാർട്ടിക്ക് പരിചയായി: മുഖ്യമന്ത്രി
Monday, October 2, 2023 5:05 AM IST
തലശേരി: സിപിഎം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം പരിചയായി നിന്ന് പാർട്ടിയെ സംരക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സിപിഎം തലശേരിയിൽ സംഘടിപ്പിച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരന്നു മുഖ്യമന്ത്രി.
യാഥാര്‍ഥ്യങ്ങള്‍ കോടിയേരി തന്റേതായ ശൈലയിൽ അവതരിപ്പിച്ചപ്പോള്‍ ജനങ്ങള്‍ അത് സ്വീകരിക്കുകയായിരുന്നു. ജീവിതമാകെ പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം. കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എല്ലായ്പ്പോഴുമുള്ളത്.
സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്, കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജ എംഎൽഎ, ജില്ലാ സെക്രട്ടറി പി. ജയരാജന് നേതാക്കളായ, എം. സുരേന്ദ്രന്, എന്‍. ചന്ദ്രന്, പി. ശശി, സി.കെ രമേശന്, കാരായി രാജന്, എം.സി പവിത്രന്, വി.കെ സനോജ്, പി. ഹരീന്ദ്രന്‍ എന്നിവർ പ്രസംഗിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ കണ്ണൂർ പയ്യാന്പലത്തെ സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർവഹിച്ചു. ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങൾക്കിടയിലാണ് കോടിയേരിയുടെ സ്മൃതി മണ്ഡപം.