സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ ആശങ്കാജനകം: കത്തോലിക്കാ കോണ്‍ഗ്രസ്
Monday, October 2, 2023 5:06 AM IST
കൊച്ചി: സഹകരണ ബാങ്കുകളിലും സൊസൈറ്റികളിലും നടക്കുന്ന ക്രമക്കേടുകള്‍ അതീവഗൗരവതരവും ആശങ്കാജനകവുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. ഓരോ ദിവസവും നിരവധി ക്രമക്കേടുകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
സാധാരണക്കാരായ ആളുകള്‍ കഷ്ടപ്പെട്ടു സ്വരൂപിച്ച നിക്ഷേപങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലേക്കു പോകുന്നത് തടയാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ല. ഭരണസമിതി അംഗങ്ങള്‍തന്നെ പലയിടത്തും വന്‍തുകകളുടെ വ്യാജ ലോണുകള്‍ എടുക്കുന്നതും ബിനാമി ഇടപാടുകള്‍ നടത്തുന്നതും തെറ്റായ വാല്വേഷനിലൂടെ ലോണുകള്‍ പരസ്പരം നല്‍കുന്നതും തട്ടിപ്പിന്റെ മാര്‍ഗങ്ങളാണ്.
ഭരണസമിതികളില്‍ രാഷ്ട്രീയക്കാരുടെ സമഗ്രാധിപത്യമായതിനാല്‍ ക്രമക്കേടുകള്‍ക്ക് സംരക്ഷണം ലഭിക്കുന്നു. ഇത്തരം ക്രമക്കേടുകള്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയും വിശ്വാസ്യതയെ തകര്‍ക്കുന്നു. തട്ടിപ്പുകള്‍ നടത്തിയവരെ മാതൃകാപരമായി ശിക്ഷിച്ച് ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ നടന്ന നേതൃസമ്മേളനത്തില്‍ ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി രാജീവ് ജോസഫ്, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ അഡ്വ. പി.ടി. ചാക്കോ, ബേബി നെട്ടനാനി, തോമസ് പീടികയില്‍, രാജേഷ് ജോണ്‍, ടെസി ബിജു, അഡ്വ. ഗ്ലാഡിസ് ചെറിയാന്, ചാര്‍ളി മാത്യു, ഐപ്പച്ചന്‍ തടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.