മണിപ്പാട്ടുകളുടെ രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു
Wednesday, October 4, 2023 1:16 AM IST
തൃശൂർ: കലാഭവൻ മണിയിലൂടെ മലയാളിക്കു പ്രിയങ്കരനായ നാടൻപാട്ട് രചയിതാവും ഫോക്ലോർ അവാർഡ് ജേതാവുമായ അറുമുഖൻ വെങ്കിടങ്ങ് (എൻ.എസ്. അറുമുഖൻ-75) അന്തരിച്ചു. സിനിമകളിലടക്കം മുന്നൂറ്റന്പതോളം ഗാനങ്ങളെഴുതിയതിൽ ഇരുനൂറും നടനും ഗായകനുമായ കലാഭവൻ മണിക്കുവേണ്ടിയായിരുന്നു.
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തയ്ക്കു പോകുന്പോൾ, പകലുമുഴുവൻ പണിയെടുത്ത്, വരിക്കച്ചക്കേടെ ചുള കണക്കിന്, ആലത്തൂരങ്ങാടീലു ഞാൻ പോയിവരുന്പോൾ, പാവാട പ്രായമാ പെണ്ണേ സൂക്ഷിച്ചിടേണം, മിണ്ടാണ്ട്ക്ക് വിമ്മിട്ടം മുട്ടണ്... എന്നിങ്ങനെ കലാഭവൻ മണി പാടി ജനപ്രിയമാക്കിയ നിരവധി പാട്ടുകളെഴുതി. മീനാക്ഷി കല്യാണം, മീശമാധവൻ, ഉടയോൻ, ചാലക്കുടിക്കാരൻ ചങ്ങാതി, രക്ഷകൻ, ദിഗാർഡ്, സാവിത്രിയുടെ അരഞ്ഞാണം എന്നീ സിനിമകൾക്കുവേണ്ടിയും പാട്ടുകളെഴുതി. നിരവധി ആൽബങ്ങളും ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്.
വെങ്കിടങ്ങ് കരുവന്തല നടുവത്തുവീട്ടിൽ ശങ്കരൻ- കാളി ദന്പതികളുടെ മകനായി ജനിച്ച അറുമുഖൻ, വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഗാനങ്ങളെഴുതിയാണു തുടക്കം. വെങ്കിടങ്ങിന്റെ സാംസ്കാരികയിടങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ചെറുതും വലുതുമായി നിരവധി പുരസ്കാരങ്ങളും നേടി. സംസ്കാരം വെങ്കിടങ്ങ് പൊതു ശ്മശാനത്തിൽ നടത്തി. ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ, ഷിമ, ഷാജി, അന്പിളി, സതി, രമ്യ.