സംസ്ഥാന സ്കൂൾ ശാസ്ത്രമേള നാളെ തിരുവനന്തപുരത്ത് തുടങ്ങും
Wednesday, November 29, 2023 12:56 AM IST
തിരുവനന്തപുരം: 55-ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്കു നാളെ തിരുവനന്തപുരത്തു തുടക്കമാകും. ഏഴു സ്കൂളുകളിലായാണു നാലു ദിവസത്തെ ശാസ്ത്രമേള സംഘടിപ്പിക്കുന്നത്.
സെക്കൻഡറി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി തലങ്ങളിൽ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി വിഭാഗങ്ങളിലായി 180 ഇനം മത്സരങ്ങൾ മേളയിൽ നടക്കും.
സാങ്കേതിക തൊഴിൽ പരിജ്ഞാന വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പ്രകടമാക്കുന്ന വൊക്കേഷണൽ എക്സ്പോ മേളയുടെ പ്രത്യേകതയാണ്. ആദ്യ ദിവസം രജിസ്ട്രേഷനും അടുത്ത മൂന്നു ദിവസങ്ങളിൽ മത്സരങ്ങളുമായിട്ടാണ് മേള ക്രമികരിച്ചിരിക്കുന്നത്.
പ്രധാന വേദിയായ ഗവ. കോട്ടണ്‍ഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നാളെ രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പതാക ഉയർത്തും. 11ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ശാസ്ത്രമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും.
സാമൂഹികശാസ്ത്ര-ഐടി മേള ഗവ. കോട്ടണ്‍ഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും, ശാസ്ത്രമേള പാളയം സെന്റ് ജോസഫ് എച്ച്എസ്എസ് സ്കൂളിലും, ഗണിതശാസ്ത്രം ജിഎംഎച്ച്എസ്എസ് സ്കൂളിലും നടക്കും. പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് സ്കൂളാണു പ്രവൃത്തിപരിചയ മേളയ്ക്കു വേദിയാകുന്നത്.
വൊക്കേഷണൽ എക്സ്പോയും കരിയർ ഫെസ്റ്റും മണക്കാട് ജിഎംഎച്ച്എസ്എസ് സ്കൂളിലും നടക്കും. മേളയുടെ സംഘാടകസമിതിയും രജിസ്ട്രേഷനും സജ്ജീകരിച്ചിരിക്കുന്നത് തൈക്കാട് മോഡൽ ബോയ്സ് സ്കൂളിലാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള ഭക്ഷണം തയാറാക്കുന്നതും ഇവിടെത്തന്നെയാണ്. ഡിസംബർ മൂന്നിന് മേള സമാപിക്കും.