വർണം വിതറി... അത്ഭുതം വിരിയിച്ച്
Saturday, December 2, 2023 1:09 AM IST
തിരുവനന്തപുരം: വർണം വിതറിയും അത്ഭുതം വിരിയിച്ചും കേരള സ്കൂൾ ശാസ്ത്രോത്സവത്തിലെ സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയ മേള. ഇന്നലെ പട്ടം സെന്റ് മേരീസ് എച്ച്എസ്എസിൽ നടന്ന സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയ മേളയിൽ സംസ്ഥാനത്തെ വിവിധ സ്പെഷൽ സ്കൂളുകളിൽ നിന്നുള്ള കാഴ്ച-കേഴ്വി പരിമിതരായ ആയിരത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്.
വർണക്കടലാസുകൾ കൊണ്ട് പൂക്കളും ഇലകളും തണ്ടുകളും നിർമിച്ചും കരകൗശല വസ്തുക്കളും മറ്റ് അലങ്കാര വസ്തുക്കളും ഒരുക്കിയും ഇവർ തങ്ങളുടെ പരിമിതികളെ അതിജീവിച്ചു.
വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുള്ള നിർമിതികൾ, മാല, വള പോലുള്ള ആഭരണങ്ങൾ തുടങ്ങിയവയെല്ലാം കുട്ടികൾ അതീവ വൈദഗ്ധ്യത്തോടെയാണ് നിർമിച്ചത്.
കുട നിർമാണം, ചിരട്ട, ചൂരൽ, പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമിതികളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. തങ്ങളുടെ പരിമിതികളെ അതിജീവിച്ചാണ് ഇവർ സംസ്ഥാന തലത്തിൽ ഒരു മത്സരത്തിനെത്തിയത് എന്നത് ഇവർക്ക് അഭിമാനം പകരുന്നു.
മത്സരത്തിനും ശേഷം നിർമിതികളുടെ അന്തിമ മൂല്യനിർണയവും പ്രദർശന മത്സരവും നടന്നു. ഇവരുടെ നിർമിതികൾ കണ്ടു മനസിലാക്കുന്നതിനായി നിരവധി പേർ ഇന്നലെ പട്ടം സെന്റ് മേരീസിൽ എത്തിയിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചുവരെയായിരുന്നു പ്രദർശനം സംഘടിപ്പിച്ചിരുന്നത്.
മലപ്പുറം മുന്നിൽ
തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവം രണ്ട ുനാൾ പിന്നിട്ടപ്പോൾ 311 പോയിന്റുമായി മലപ്പുറം ജില്ല മുന്നേറുന്നു. 302 പോയിന്റുമായി കോഴിക്കോടും 298 പോയിന്റുമായി തൃശൂരുമാണ് തൊട്ടുപിന്നിൽ.
ആതിഥേയരായ തിരുവനന്തപുരം അഞ്ചാം സ്ഥാനത്താണ്. സ്കൂൾ തലത്തിൽ 52 പോയിന്റുമായി വയനാട് മാനന്തവാടി ഗവണ്മെന്റ് വിഎച്ച്എസ്എസ് ആണ് മുന്നിൽ. 50 പോയിന്റുമായി പാലക്കാട് വാണിയംകുളം ടിആർകഐച്ച്എസ്എസും 48 പോയിന്റുമായി ആലപ്പുഴ എംഐഎച്ച്എസ് പൂങ്കാവും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.