ഇന്ന് ദേശീയ മെഴുകുതിരി ദിനം: മെഴുകുതിരികളിൽ തെളിഞ്ഞുകത്തി ജോസൂട്ടി
Saturday, December 2, 2023 1:09 AM IST
തൃശൂർ: അവസരങ്ങൾ ദേവതകളാണ്, അവയെ വാരിപ്പുണരുക എന്ന ഗ്രീക്ക് പഴമൊഴി അക്ഷരാർഥത്തിൽ അന്വർഥമാക്കിയ യുവാവാണ് ജോസഫ് ജോർജ് എന്ന ജോസൂട്ടി.
കാഞ്ഞിരപ്പള്ളി പാറത്തോട് പൊട്ടൻകുളം ജോർജ് - ലൂസി ദന്പതികളുടെ നാലു മക്കളിൽ മൂന്നാമനായ യുവാവ് തന്റെ 33-ാം വയസിൽ ചേട്ടന്റെ കൊച്ചിന്റെ മാമോദീസയ്ക്കുവേണ്ടി ഒരു മെഴുകുതിരി ഉണ്ടാക്കി - ക്യൂട്ട് എയ്ഞ്ചൽ. ജോസൂട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായ മാലാഖ.
മെഴുകുതിരി കണ്ടവർക്കെല്ലാം ഇഷ്ടമായി. ഇതുപോലൊന്ന് ഉണ്ടാക്കിത്തരാമോ എന്നു ചോദിച്ചു. അന്നുതന്നെ അന്പതെണ്ണത്തിന് ഓർഡർ കിട്ടി. അതു കൊടുക്കുന്പോഴേക്കും 100 എണ്ണത്തിന് ഓർഡർ.
അപ്പോഴാണ് എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കികൂടാ എന്നു ചിന്തിച്ചത്. അപ്രതീക്ഷിതമായി വീണുകിട്ടിയ ആ അവസരത്തെ വാരിപ്പുണരുക തന്നെയായിരുന്നു: ജോസൂട്ടി പറഞ്ഞു. ഇന്നിപ്പോൾ നൂറോളം വ്യത്യസ്തയിനം മെഴുകുതിരികൾ. ഓരോ ആഴ്ചയും പുതിയ പുതിയ മോഡലുകളുടെ പരീക്ഷണം.