ഖജനാവിന് പൂട്ടിട്ടു ! ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾക്കു നിയന്ത്രണം
Saturday, December 2, 2023 2:03 AM IST
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ സംസ്ഥാനം സ്തംഭനാവസ്ഥയിലേക്ക്. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ മാറി നൽകേണ്ടതില്ലെന്ന് ട്രഷറി ഓഫീസർമാർക്കു നിർദേശം നൽകി. ഇതോടെ ശന്പളവും പെൻഷനും ഒഴികെയുള്ള ബില്ലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം വരും.
നിലവിൽ അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾക്കായിരുന്നു ധനവകുപ്പു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇത് ഒരു ലക്ഷമാക്കി നിയന്ത്രണം കടുപ്പിക്കുന്പോൾ, ചെറുകിട പ്രവൃത്തികൾ പോലും നിലയ്ക്കുന്ന സാഹചര്യമുണ്ടാകും.
നിയന്ത്രണം കടുപ്പിക്കുന്നതോടെ സംസ്ഥാനത്തെ പദ്ധതി പ്രവർത്തനങ്ങളും നിലയ്ക്കും. നിലവിൽ സംസ്ഥാന വിഹിതത്തിൽ 38 ശതമാനം പദ്ധതി പ്രവർത്തനങ്ങൾ മാത്രമാണു പൂർത്തിയാക്കാനായത്. സാന്പത്തികവർഷം അവസാനിക്കാൻ ഇനി നാലു മാസം മാത്രം ശേഷിക്കേ ട്രഷറി നിയന്ത്രണം പദ്ധതി പ്രവർത്തനത്തെ ബാധിക്കുമെന്നാണ് ആരോപണം.
ചെക്ക് മാറി നൽകാത്ത സാഹചര്യത്തിൽ കരാറുകാരും പ്രവൃത്തികൾ പൂർത്തിയാക്കാൻ മുൻകൈ എടുക്കില്ല. നിലവിൽ 16,000 കോടി രൂപയോളം കരാറുകാർക്ക് കൊടുത്തുതീർക്കാനുണ്ട്.
വരുന്ന ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലേക്ക് 4000 കോടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിൽ 1500 കോടി കഴിഞ്ഞ ദിവസം മുൻകൂറായി കടമെടുത്തു. ഈ തുകയും മറ്റു വരവുകളും ഉൾപ്പെടെ വേണം ശന്പളവും പെൻഷനും നൽകാൻ. അടുത്ത മൂന്നു മാസം കടമെടുക്കാൻ സാധിക്കുന്നത് 2500 കോടി മാത്രം.
സാന്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെയാണു കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നത്. നവകേരള സദസ് നടക്കുന്നതിനാൽ ട്രഷറി നിയന്ത്രണം ഒരു ലക്ഷമാക്കിയുള്ള ഉത്തരവ് പുറത്തിറക്കിയാൽ പ്രതിപക്ഷം സർക്കാരിനെതിരേ ആയുധമാക്കുമെന്നതിനാലാണ് ഉത്തരവു പുറത്തിറക്കാത്തതത്രേ. തുടർന്നാണ് വാക്കാൽ നിർദേശം നൽകിയത്.