കരുവന്നൂര്‍ തട്ടിപ്പ്: സിപിഎം നേതാക്കളെ ചോദ്യം ചെയ്യാന്‍ ഇഡി
Sunday, December 3, 2023 1:28 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തേക്കും. ബാങ്കിലെ പാര്‍ട്ടി അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി കൈമാറാത്ത സാഹചര്യത്തിലാണു പാര്‍ട്ടി നേതൃത്വത്തെ അന്വേഷണപരിധിയിലെത്തിക്കാന് ഇഡി നീക്കം നടത്തുന്നത്.
അതിനിടെ, സംസ്ഥാനത്തെ 20 സഹകരണ ബാങ്കുകളിലെ ക്രമക്കേടുകളില്‍ ഇഡി അന്വേഷണം ആരംഭിച്ചതായാണു വിവരം. പോലീസ് കേസുകളുടെ ചുവടുപിടിച്ചാണ് അന്വേഷണം.
കരുവന്നൂര്‍ കേസില്‍ എം.എം. വര്‍ഗീസിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. നിസഹകരണം തുടരുന്ന വർഗീസിനെ അഞ്ചിനു വീണ്ടും ചോദ്യംചെയ്തേക്കും. അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയെന്നു വര്‍ഗീസ് വ്യക്തമാക്കുമ്പോഴും പൂര്‍ണവിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഇഡിയുടെ വാദം.
എല്ലാം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോടു ചോദിക്കണമെന്ന നിലപാടാണു ചോദ്യംചെയ്യലിലും വര്‍ഗീസ് ആവര്‍ത്തിച്ചിട്ടുള്ളത്. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന നേതൃത്വത്തെ അന്വേഷണപരിധിയില്‍ കൊണ്ടുവരാന്‍ ഇഡി ആലോചിക്കുന്നത്.
സംസ്ഥാനത്തെ ഒട്ടുമിക്ക സഹകരണബാങ്കുകളിലും സിപിഎമ്മിനു ദുരൂഹ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിട്ടില്ലെന്നും ഇഡി ആരോപിക്കുന്നു.
സിപിഎം കമ്മിറ്റികളാണു ബിനാമി ലോണുകള്‍ ആര്‍ക്കു നല്‍കണമെന്നു തീരുമാനിച്ചിരുന്നതെന്നും ലോണ്‍ തുകയുടെ അളവനുസരിച്ച് കമ്മീഷനും പാര്‍ട്ടി കൈപ്പറ്റിയിരുന്നുവെന്നും ക്രമക്കേടുകള്‍ പുറത്തുവന്നതോടെ അക്കൗണ്ടിലുണ്ടായിരുന്ന തുകയുടെ 90ശതമാനവും പാര്‍ട്ടി പിന്വലിച്ചതായുമാണു കണ്ടെത്തല്‍.