അനുഗ്രഹം ഏബ്രഹാമിലൂടെ
Monday, December 4, 2023 1:36 AM IST
ഫാ. മൈക്കിള് കാരിമറ്റം
രക്ഷയെ സംബന്ധിച്ച രണ്ടാമത്തെ വാഗ്ദാനം ഏബ്രഹാമിനാണ് ലഭിക്കുന്നത്. ആകാശം തൊടുന്ന ഗോപുരം പണിതു ദൈവതുല്യരാകാൻ ശ്രമിച്ച മനുഷ്യർ പരസ്പരം മനസിലാക്കാൻ കഴിയാതെ ഭിന്നിച്ചു ചിതറിയപ്പോൾ ദൈവം ഒരു വ്യക്തിയെ പേരുചൊല്ലി വിളിച്ചുകൊണ്ട് രക്ഷാചരിത്രത്തിൽ ഇടപെടുന്നു. ഏബ്രഹാമിനോട് പിതൃദേശവും പിതൃഭവനവും ബന്ധുക്കളെയും ഉപേക്ഷിക്കണമെന്നും താൻ കാണിച്ചുതരുന്ന ദേശത്തേക്കു പോകണമെന്നും ദൈവം ആവശ്യപ്പെടുന്നു. (ഉൽപ 12, 1-3). സുരക്ഷിതത്വമെല്ലാമുപേക്ഷിച്ച് അജ്ഞാത ദേശത്തേക്കു പോകാൻ അദ്ദേഹം തയാറായി. ദൈവത്തിലുള്ള ആശ്രയബോധത്തോടെ.
ദൈവം ഏബ്രഹാമിന് ഏഴ് വാഗ്ദാനങ്ങൾ നൽകുന്നു. അവിടത്തെ സന്പൂർണമായ അനുഗ്രഹങ്ങൾ ഏബ്രഹാമിനൊപ്പം ഉണ്ടാകും എന്നാണ് സൂചന. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതരാകും. ഇതാണ് ഏഴാമത്തെ വാഗ്ദാനം. ഭൂമിയിലുള്ളവയെല്ലാം ദൈവത്തിന്റെതാണ്. എല്ലാവരും അവിടത്തേക്ക് വിലപ്പെട്ടവരാണ്. അകന്നുപോകുന്നവരെ ഒന്നിച്ചുകൂട്ടുന്നവനും അവരെ തന്റെ കുടുംബവും മക്കളുമാക്കി മാറ്റുന്നവനുമാണ് ദൈവം. അതാണ് രക്ഷാപദ്ധതി.
ഏബ്രഹാമിന്റെ വിളി ഒരു പുതിയ തുടക്കമാണ്. ഒരു വ്യക്തിയിൽതുടങ്ങി ഒരു ജനതയിലൂടെ വളർന്ന് ലോകജനതയ്ക്കാകമാനം രക്ഷ നൽകുന്ന ദൈവികപദ്ധതിയുടെ തുടക്കം.
ലോകത്തിലെ സകല മനുഷ്യർക്കും ദൈവം നൽകുന്ന രക്ഷയുടെ ഉപകരണമായിരിക്കും ഏബ്രഹാം. അദ്ദേഹത്തിന്റെ പ്രതികരണം ഇതാണ് : “കർത്താവ് കല്പിച്ചതനുസരിച്ച് ഏബ്രഹാം പുറപ്പെട്ടു” (ഉൽപ 12,4) ഏബ്രഹാം അനുസരിച്ചു, യാത്ര തിരിച്ചു, എങ്ങോട്ടെന്നറിയാതെ, വിളിക്കുന്ന ദൈവത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട്. അതാണ് സർവപ്രധാനം- വിശ്വാസം. ഏബ്രഹാം വിശ്വസിച്ചു. വിശ്വാസം അനുസരണത്തിലൂടെ പ്രകടമാക്കി. അങ്ങനെ അദ്ദേഹം മനുഷ്യരക്ഷയ്ക്ക് ഉപകരണമായി.
ഏബ്രഹാമിനെ വിളിച്ച ദൈവം ഇന്ന് ഓരോ വ്യക്തിയെയും വിളിക്കുന്നുണ്ട്. അനുഗ്രഹം വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ വ്യക്തിയും അപരന് അനുഗ്രഹത്തിന്റെ നീർച്ചാലാകണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഏബ്രഹാം ലോകത്തിനാകമാനം അനുഗ്രഹമാകുന്നതുപോലെ ഓരോ വ്യക്തിയും അനുഗ്രഹത്തിന്റെ ഉപകരണമാകണം.
ഇതിനുള്ള ഏക വ്യവസ്ഥ വിശ്വസിക്കുക എന്നതാണ്. ആ വിശ്വാസം അനുസരണത്തിലൂടെ പ്രകടമാക്കുക എന്നതാണ്. കർത്താവ് കല്പിച്ചതനുസരിച്ച് ഏബ്രഹാം പുറപ്പെട്ടു. അങ്ങനെ രക്ഷാചരിത്രത്തിനു തുടക്കമായി.
ആ വിശ്വാസയാത്രയുടെ ചരിത്രഗതിയിലാണ് ഈശോമിശിഹായുടെ തിരുജനനം. വിശ്വാസ വഴിയിലൂടെ നടന്ന് രക്ഷയുടെ ഉപകരണമാകാനും അനുഗ്രഹമാകാനും ഏബ്രഹാമിനെ വിളിച്ച ദൈവം നാമോരോരുത്തരെയും വിളിക്കുന്നു.