യുണീക് ഡിസെബിലിറ്റി കാർഡ് രേഖയായി പരിഗണിക്കുന്നുണ്ട്: മന്ത്രി ശിവൻകുട്ടി
Saturday, February 24, 2024 12:52 AM IST
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരീക്ഷാനൂകൂല്യങ്ങൾ നൽകുന്നതിന് കേന്ദ്രസർക്കാർ നൽകുന്ന യുണീക് ഡിസെബിലിറ്റി കാർഡ് (യുഡിഐഡി) രേഖയായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നില്ലെന്നു പറയുന്നത് ശരിയല്ലെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. യുഡിഐഡി കാർഡുകൾ രേഖയാക്കി സമർപ്പിക്കുന്നവരുടെ അപേക്ഷകൾ അംഗീകരിച്ച് പരീക്ഷാനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്.
മുൻ കാലങ്ങളിലും യുഡിഐഡി കാർഡ് അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്. ഈ വർഷം നിലവിൽ 23 കുട്ടികളാണ് കാർഡ് ഹാജരാക്കിയിട്ടുള്ളത്. 23 പേർക്കും ആനുകൂല്യങ്ങൾ അനുവദിച്ചുനൽകി.
ഭിന്നശേഷി കമ്മീഷണറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ യുഡിഐഡി കാർഡ് പരീക്ഷാനുകൂല്യത്തിനുള്ള രേഖയായി കണക്കാക്കണമെന്ന് പ്രത്യേകം അറിയിച്ചു ഈ മാസം 20 ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവരെയും അറിയിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു.