ആറ്റുകാൽ പൊങ്കാല ഇന്ന്
Sunday, February 25, 2024 12:13 AM IST
തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കും. ലക്ഷക്കണത്തിന് അടുപ്പുകളിൽ ഒരേ സമയം തീപകരുന്പോൾ അനന്തപുരി ഭക്തിയുടെ തലസ്ഥാനമായി മാറും. വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയായി പൊങ്കാലക്കലങ്ങളിൽ ദ്രവ്യങ്ങൾ തിളച്ചുതൂകി അമ്മയ്ക്ക് നിവേദ്യമാകുന്പോൾ ഇത് പുണ്യത്തിന്റെ പൊങ്കാലപ്പകൽ.
രാവിലെ ക്ഷേത്രത്തിൽ പൊങ്കാലയ്ക്കു മുന്നോടിയായുള്ള പുണ്യാഹച്ചടങ്ങുകൾ നടക്കും. തുടർന്ന് ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നന്പൂതിരിക്ക് കൈമാറും.
വലിയ തിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറും. ചെറിയ തിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിക്കുന്നത് സഹമേൽശാന്തിയാണ്. ഇവിടെനിന്ന് 10.30ന് പണ്ടാരയടുപ്പിലേക്ക് തീ പകരും.
ഈ സമയം ചെണ്ടമേളത്തിന്റെയും വെടിക്കെട്ടിന്റെയും അകന്പടിയുണ്ടാകും. ഭക്തർ വായ്ക്കുരവകളോടെ പുണ്യമുഹൂർത്തത്തെ വരവേറ്റ് പൊങ്കാലയടുപ്പുകൾ കത്തിക്കും.
ഉച്ചയ്ക്ക് 2.30നാണ് പൊങ്കാല നിവേദിക്കുന്നത്. ഈ സമയം ഹെലികോപ്റ്ററില്‍നിന്ന് പുഷ്പവൃഷ്ടി ഉണ്ടാകും. തുടർന്ന് ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള പൂജാരിമാർ ഭക്തരുടെ പൊങ്കാല അടുപ്പുകളിൽ തീർഥം തളിക്കും. പിന്നെ അമ്മയുടെ അനുഗ്രഹം നേടിയതിന്റെ സാഫല്യത്തോടെ മടക്കം.