വിശ്വാസത്തിനെതിരേയുള്ള കൈയേറ്റം അനുവദിക്കരുത്: മാര്‍ ജോസഫ് പെരുന്തോട്ടം
Sunday, February 25, 2024 12:13 AM IST
ചങ്ങനാശേരി: പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനം ഉപയോഗിച്ച് ബോധപൂര്‍വമായി അപകടപ്പെടുത്തുവാനുള്ള ശ്രമത്തിനെതിരേ എത്രയും വേഗം കര്‍ശന നടപടികള്‍ എടുക്കണമെന്നും വിശ്വാസത്തിന് എതിരേയുള്ള കൈയേറ്റം അവസാനിപ്പിക്കണമെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.
ചങ്ങനാശേരി അരമനപ്പടിയില്‍ നടന്ന വിവിധ സംഘടനകളുടെ സംയുക്ത പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. അക്രമികളുടെ ഹീന കൃത്യങ്ങള്ക്കെതിരേ എല്ലാ രാഷ്ട്രീയ കക്ഷികളും മതസാംസ്കാരിക നേതാക്കളും പ്രതികരിക്കണമെന്നും മാര്‍ പെരുന്തോട്ടം ആഹ്വാനം ചെയ്തു.
വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പി. പി. ജോസഫ്, ജനറല്‍ സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഇന്നലെ പൂഞ്ഞാർ സെന്റ് മേരീസ് പള്ളി സന്ദർശിച്ചു.