കുതിരാനിൽ വൻ മയക്കുമരുന്നുവേട്ട
Sunday, February 25, 2024 12:13 AM IST
തൃശൂർ: കുതിരാനിൽ വൻ മയക്കുമരുന്നുവേട്ട. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മൂന്നു കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ടു ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി.
പുത്തൂർ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖിൽ എന്നിവരെയാണ് രണ്ട് ആഡംബരകാറുകൾ സഹിതം പിടികൂടിയത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ആന്റി നാർക്കോട്ടിക് സ്ക്വാഡും പീച്ചി പോലീസും ചേർന്ന് കുതിരാനിൽവച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.
ആന്ധ്രയിൽനിന്നാണ് ഇവർ മയക്കുമരുന്ന് കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നത്. ഇതിനു മുന്‍പും ഇവർ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്കു വിതരണം ചെയ്യാനായി കൊണ്ടുവരികയായിരുന്നു മയക്കുമരുന്നെന്നും സൂചന ലഭിച്ചു.
രണ്ടു കാറുകളിലായാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു.
രണ്ടു കാറുകളിലൊന്ന് പൈലറ്റായി മുന്നിൽ പോവുകയും പോലീസിന്റെ പരിശോധന ഉണ്ടോ എന്നു നോക്കി വിവരം പിന്നിൽ ലഹരിവസ്തുക്കളുമായി വരുന്ന വാഹനത്തിലുള്ളവർക്കു കൈമാറുകയുമാണ് ചെയ്തിരുന്നത്. എന്നാൽ കുതിരാനിൽ പോലീസ് രഹസ്യമായി ഇവരുടെ നീക്കം നിരീക്ഷിച്ചിരുന്നതുകൊണ്ട് പൈലറ്റ് വാഹനത്തിനു പരിശോധനാവിവരം കൈമാറാൻ സാധിക്കുംമുന്പേ ഇവരെ പിടികൂടുകയായിരുന്നു.
ആന്ധ്രയിൽനിന്നും മൊത്തമായി മയക്കുമരുന്ന് വാങ്ങാൻ കേരളത്തിലെ മയക്കുമരുന്നു വില്‍പനശൃംഖലയിലെ ഏജന്റുമാരായിരിക്കാം ഇത്രയും വലിയ തുക നൽകിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ സാന്പത്തികസ്രോതസും പോലീസ് അന്വേഷിക്കുന്നുണ്ട്.