പൂഞ്ഞാർ പള്ളിയിലെ അതിക്രമം അപലപനീയം: സീറോമലബാര്‍ സഭ
Sunday, February 25, 2024 12:13 AM IST
കൊച്ചി: പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനുമെതിരേ ഉണ്ടായ അതിക്രമം തികച്ചും അപലപനീയമാണെന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷന്.
പള്ളിയില്‍ ആരാധന നടക്കുന്ന സമയത്ത് പുറത്തുനിന്നെത്തിയ അമ്പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധനാവകാശങ്ങളുടെയുംമേലുള്ള കടന്നുകയറ്റമായി മാത്രമേ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. മീനച്ചില്‍ താലൂക്കിലുള്ള പല പള്ളികളിലും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നിരന്തരമായി ഉണ്ടാകുന്നുവെന്നാണ് അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചത്.
പൂഞ്ഞാര്‍ പള്ളിയിലുണ്ടായ അതിക്രമങ്ങളെ എതിര്‍ത്ത വൈദികനു നേരേയുണ്ടായ ആക്രമണം ഗുരുതരമായ കുറ്റകൃത്യമാണ്. പോലീസും നിയമസംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും വേണം. പ്രതികളില്‍ പലരും മൈനറാണ് എന്ന കാരണത്താല്‍ ഈ കുറ്റകൃത്യങ്ങളെ ലഘുവായി കാണാന്‍ പാടില്ല.
ഇവ വെറും സാമൂഹികവിരുദ്ധ, ലഹരി മാഫിയാ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല മതസ്പർധ വളര്‍ത്തുകയെന്ന ലക്ഷ്യം കൂടിയുള്ളവയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ചെറുപ്പക്കാരെ ഇതിനു പ്രേരിപ്പിക്കുന്നവരെയും ഇതിനുപിന്നില്‍ ഗൂഢാലോചനകള്‍ നടത്തുന്നവരെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരേണ്ടതുണ്ട്.
പബ്ലിക് അഫയേഴ്സ് കമ്മീഷന്റെ അടിയന്തര യോഗത്തില്‍ ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കണ്‍വീനര്‍ ബിഷപ് മാര്‍ തോമസ് തറയില്‍, സെക്രട്ടറിമാരായ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ പങ്കെടുത്തു.
പൂഞ്ഞാര്‍ സംഭവം ഗൗരവകരം: സീറോമലബാര്‍ കുടുംബകൂട്ടായ്മ
കൊച്ചി: പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി മുറ്റത്തുവച്ച് സാമൂഹ്യവിരുദ്ധരെ ചോദ്യം ചെയ്തതിന്റെ പേരില്‍ അസി. വികാരിയായ ഫാ. ജോസഫിനെ ആക്രമിച്ച സംഭവം അത്യന്തം അപലപനീയമെന്ന് സീറോമലബാര്‍ കുടുംബകൂട്ടായ്മ.
നോമ്പുകാലത്തെ വെള്ളിയാഴ്ചകളില്‍ വിശ്വാസികള്‍ നോമ്പും ഉപവാസവും ആചരിച്ച് പ്രാര്ഥനാനിമഗ്നരായിരിക്കുന്ന സമയത്ത് പള്ളിമുറ്റത്ത് കാണിച്ച ബൈക്കഭ്യാസം ചോദ്യം ചെയ്തത് സ്വാഭാവികമായ ആവശ്യമായിരിക്കേ ഇതിനെതിരേയുള്ള ശാരീരികാക്രമണം അത്യന്തം ഗൗരവകരമാണെന്ന് കേന്ദ്രസമിതി വിലയിരുത്തി. പള്ളിമുറ്റത്തും ക്രൈസ്തവ സ്ഥാപനങ്ങളിലും സാമൂഹ്യവിരുദ്ധരുടെ കടന്നുകയറ്റവും അക്രമവും ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ഈ സംഭവവികാസങ്ങളുടെ പേരില്‍ പൂഞ്ഞാര്‍ ഇടവകയെയും പാലാ രൂപതയെയും ഒറ്റപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സീറോമലബാര്‍ കുടുംബകൂട്ടായ്മ ഡയറക്ടര്‍ റവ.ഡോ. ലോറന്‍സ് തൈക്കാട്ടില്‍ പറഞ്ഞു. ജനറൽ സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്സന്‍ പാണേങ്ങാടന് എന്നിവര്‍ പ്രസംഗിച്ചു.