നെല്ലു സംഭരണ കുടിശിക; സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചു
Sunday, February 25, 2024 1:01 AM IST
തിരുവനന്തപുരം: നെല്ലുസംഭരണ കുടിശിക അടക്കം വിതരണം ചെയ്യുന്നതിനായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 203.9 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.
നെല്ലുസംഭരണത്തിന് സംസ്ഥാന സബ്സിഡിയായി 195.36 കോടിയും കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
നെല്ലുസംഭരണത്തിനുള്ള കേന്ദ്രസർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തരമായി തുക ലഭ്യമാക്കിയത്. നേരത്തേ രണ്ടു തവണയായി 380 കോടി രൂപയും നൽകിയിരുന്നു.
കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ട്. ഈവർഷത്തെ 388.81 കോടി രൂപയും കഴിഞ്ഞവർഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്. 2021-22ലെ 23.11 കോടി രൂപയും കുടിശികയാണ്.