ശക്തി വിളിച്ചോതി ഓര്‍ത്തഡോക്സ് സഭ മാര്‍ത്തോമ്മന്‍ പൈതൃക സംഗമം
Monday, February 26, 2024 3:06 AM IST
കോട്ടയം: നിയമവും ഭരണഘടനയും അനുസരിക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും തനിക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സഭ മാര്‍ത്തോമ്മന്‍ പൈതൃക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗവർണർ. ഭരണഘടനയനുസരിച്ചു സത്യപ്രതിജ്ഞ ചെയ്തവര്‍ക്ക് ഈ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും ഭരണഘടനയെ മറികടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഭാരതീയ ദര്ശനമുള്ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സമൂഹമാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സഭ എപ്പോഴും മുന്നിലാണ്. മാര്‍ത്തോമ്മാ ശ്ലീഹായുടെ പൈതൃകമുള്ള ഓര്‍ത്തഡോക്സ് സഭ വിദ്യാഭ്യാസ -ആരോഗ്യ രംഗത്ത് കേരളത്തിനും ഭാരതത്തിനും സഭ നല്കിയ സംഭാവന ആര്‍ക്കും വിസ്മരിക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി വിധിക്കു വിരുദ്ധമായി ചര്‍ച്ച് ബില്ല് കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം കാതോലിക്കാ ബാവ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. സംഘര്‍ഷമല്ല സമന്വയമാണു വേണ്ടതെന്നും പൈതൃകവും വിശ്വാസവും പരസ്പരപൂരകങ്ങളാണെന്നും ആരു ഭരിച്ചാലും വിശ്വാസമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരായ വി. എന്‍. വാസവന്, വീണാ ജോര്‍ജ്, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചാണ്ടി ഉമ്മന്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധി ബിഷപ് ആന്റണി, എത്യോപ്യന്‍ സഭയുടെ പ്രതിനിധി ബിഷപ് അബ്ബാ മെല്‍കിദേക്ക് നുര്‍ബെഗന്‍ ഗെദ, ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി റവ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അൽമായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം എംഡി സെമിനാരി മൈതാനിയില്‍നിന്ന് ആരംഭിച്ച മാര്‍ത്തോമ്മന്‍ പൈതൃക വിളംബര ഘോഷയത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം. ഘോഷയാത്ര തോമസ് ചാഴികാടന് എംപി ഫ്ളാഗ് ഓഫ് ചെയ്തു.