ലോകായുക്ത ബിൽ ; ഭരണഘടനാ സംവിധാനങ്ങളുടെ വിജയമെന്നു മന്ത്രി രാജീവ്
Friday, March 1, 2024 3:12 AM IST
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബില്ലിനു രാഷ്ട്രപതി ഭവൻ അംഗീകാരം നൽകിയ നടപടി സർക്കാരിന്റെ നേട്ടത്തിനപ്പുറം ഭരണഘടനാ സംവിധാനങ്ങളുടെ വിജയമായി കാണുന്നുവെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു.
ഗവർണർ അന്നുതന്നെ ഒപ്പ് വയ്ക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നു. പിന്നെ ചോദ്യങ്ങൾ ഉണ്ടായില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്പാൽ ബില്ലിന് അനുസൃതമാണ് ഈ നിയമത്തിലെ വ്യവസ്ഥകൾ. ഗവർണർക്കും ഇത് വായിച്ച് വ്യക്തമായതാണ്.
മാർച്ച് 22നു വീണ്ടും സുപ്രീം കോടതിയിൽ കേസ് വരികയാണ്. പെറ്റീഷൻ ഭേദഗതി ചെയ്യാമെന്ന് കോടതിതന്നെ പറഞ്ഞു. ഇംഗ്ലീഷ് അക്ഷരമാല അറിയാവുന്ന ആർക്കും വായിച്ചു നോക്കിയാൽ തീരുമാനമെടുക്കാവുന്ന കാര്യമാണ്. എന്നിട്ടാണ് രാഷ്ട്രപതിക്ക് അയച്ചത്. നല്ല മെസേജാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.