അട്ടപ്പാടിയിൽ കാട്ടാന ആക്രമണം: ആദിവാസിസ്ത്രീക്കു ഗുരുതര പരിക്ക്
Saturday, March 2, 2024 12:54 AM IST
അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ മേലെഭൂതയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിസ്ത്രീക്കു ഗുരുതര പരിക്കേറ്റു. മേലേഭൂതയാറിലെ ഭോജന്റെ ഭാര്യ വീര(53)യ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. മേലെഭൂതയാറിൽനിന്നു ചൂൽപ്പുല്ല് ശേഖരിക്കാൻ പോയ അഞ്ചംഗസംഘം പുല്ല് ശേഖരിച്ചു മടങ്ങിവരുന്നതിനിടെ കുള്ളാട് വനമേഖലയിൽ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.
കാട്ടാനയുടെ മുമ്പിൽ അകപ്പെട്ട സംഘം ചിതറിയോടിയെങ്കിലും മുന്പിൽ സഞ്ചരിച്ചിരുന്ന വീരയെ കാട്ടാന പിടികൂടി. ആനയുടെ ആക്രമണത്തിൽ വീരയുടെ വലതുകാലിലും ഇടുപ്പെല്ലിനും സാരമായ പരിക്കേറ്റു.
ഒപ്പം ഉണ്ടായിരുന്നവർ കുള്ളാട് മലയിൽ എത്തി ഭൂതയാറിലേക്കു മൊബൈൽ ഫോണിലൂടെ വിവരം നൽകിയതോടെ എസ്ടി പ്രൊമോട്ടർമാരായ പളനി, മുരുകൻ എന്നിവരുടെ ഇടപെടൽ രക്ഷാപ്രവർത്തനത്തിനു സഹായകമായി.
ഒരു കിലോമീറ്ററോളം അകലെനിന്ന് ആദിവാസിസംഘം കുള്ളാട് മലയിലെത്തി അവശനിലയിൽ കിടന്നിരുന്ന വീരയെ കണ്ടെത്തി രാത്രി 7.30ഓടെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി.