മലയാള ഭാഷയെ സംരക്ഷിക്കാനും വളര്‍ത്താനുമുള്ള ചുമതല മാധ്യമങ്ങള്‍ക്കുണ്ട്: മുഖ്യമന്ത്രി
Sunday, March 3, 2024 12:45 AM IST
കൊച്ചി: മലയാള ഭാഷയെ സംരക്ഷിക്കാനും വളര്‍ത്താനുമുള്ള ചുമതല മാധ്യമങ്ങള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാക്കനാട് മീഡിയ അക്കാദമിയില്‍ ആരംഭിച്ച മൂന്നു ദിവസത്തെ അന്താരാഷ്ട്ര മാധ്യമോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഉണ്ടെങ്കില്‍ മാത്രമാണ് അതു സാധ്യമാകുന്നത്. ആ നിലയ്ക്ക്, വൈവിധ്യങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കേണ്ടത് മാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്നമാണ്. എന്നാല്‍, അതിനെ ആ ഗൗരവത്തില്‍ നമ്മുടെ മാധ്യമങ്ങള്‍ കാണുന്നുണ്ടോ എന്നത് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലം വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കിന്റെ കാലം കൂടിയാണല്ലോ. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വയംവിമര്‍ശനവും ആത്മപരിശോധനയും നടത്തുന്നത് നന്നാവും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ റെയിലിന്റെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം പൊളിക്കപ്പെടുന്ന സാഹചര്യത്തില്‍ പുതിയ മന്ദിരം നിര്‍മിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും ഉണ്ടാവും എന്നും അദ്ദേഹം പറഞ്ഞു.
മീഡിയ അക്കാദമി വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് ജേതാവ് സന ഇര്‍ഷാദ് മട്ടു, ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവ് ആര്. രാജഗോപാല്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം നല്കി. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് തോമസ് ജേക്കബ് ജൂറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അധ്യക്ഷത വഹിച്ചു.