നിര്‍മാണ മേഖലയില്‍ കടുത്ത പ്രതിസന്ധി; നാളെ കരാറുകാര്‍ കരിദിനം ആചരിക്കും
Sunday, March 3, 2024 12:45 AM IST
ചങ്ങനാശേരി: നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ കരാറുകാര്‍ കരിദിനം ആചരിക്കുമെന്നും 11ന് തിരുവനന്തപുരത്ത് ചേരുന്ന നിര്‍മാണ സംരംഭക സംഘടനകളുടെ യോഗം ശക്തമായ പ്രചാരണ നടപടികളും സമരങ്ങളും പ്രഖ്യാപിക്കുമെന്നും ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു. നാളെ കറുത്ത ബാഡ്ജുകള്‍ ധരിക്കുകയും ഓഫീസുകളില്‍ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്യും. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ക്ക് പ്രതിഷേധ സന്ദേശങ്ങള്‍ അയയ്ക്കും.
പൊതുനിര്‍മാണ പ്രവൃത്തികള്‍ക്ക് ഫണ്ട് സമാഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നയം സംസ്ഥാനത്തെ നിര്‍മാണ പദ്ധതികളെ നിശ്ചലമാക്കിക്കൊണ്ടിരിക്കുകയാണ്. ദേശീയപാത അഥോറിട്ടിക്ക് (എന്‍എച്ച്എഐ) നല്കുന്ന വിഭവസമാഹരണ സ്വാതന്ത്ര്യം കിഫ്ബിക്ക് നിഷേധിക്കുന്നത് ഇരട്ടത്താപ്പാണ്.
കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതികളില്‍ സംസ്ഥാന വിഹിതം ഭീമമാണ്. ബജറ്റ് വിഹിതം കൊണ്ട് ഇത് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പലിശരഹിത വായ്പയിലൂടെയോ സ്വതന്ത്ര വായ്പയിലൂടെയോ സംസ്ഥാന വിഹിതം സമാഹരിക്കാന്‍ കേരളത്തെ അനുവദിക്കണം. അല്ലാത്തപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചെറിയ പ്രവൃത്തികള്‍ പോലും മുടങ്ങുന്ന സാഹചര്യം സംജാതമാകും.
നിര്‍മാണം പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ നികുതി അടയ്ക്കാത്തതിന്റെ പേരില്‍ നിരവധി കരാറുകാര്‍ക്ക് തുല്യ പിഴയും പിഴപ്പലിശയും ചുമത്തുന്ന നിലപാട് ഖേദകരമാണെന്നും കരാര്‍ വ്യവസ്ഥകള്‍ ഏകീകരിക്കാനും സന്തുലിതമാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടുന്നു.
കരാര്‍മേഖലയിലെ പ്രതിസന്ധിമൂലം സംസ്ഥാനത്തെ നല്ലപങ്ക് കരാറുകാരും ജോലികള്‍ ഏറ്റെടുക്കാതെ വിട്ടുനില്‍ക്കുകയാണ്. സംസ്ഥാനത്തെ ചെറുതും വലുതുമായ നിര്‍മാണ പ്രവൃത്തികളെ ബാധിക്കുമെന്നും കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ചൂണ്ടിക്കാട്ടി.